Saturday, June 21, 2014

പുതിയ പാഠ്യപദ്ധതി : സ്‌കൂള്‍ അധ്യാപകരെ നിരന്തരം വിലയിരുത്തുന്നു




 22 Jun 2014

* ഹെഡ്മാസ്റ്റര്‍മാര്‍ ആഴ്ചയില്‍ അഞ്ച് ക്ലാസെങ്കിലും പരിശോധിക്കണം
* വിലയിരുത്തല്‍ ഡി. പി.ഐ തലംവരെ
തിരുവനന്തപുരം :
പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ അധ്യാപകരെ നിരന്തരം വിലയിരുത്തുന്നതിനുള്ള പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കി. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന വിലയിരുത്തല്‍ ഡി.പി.ഐ. ഓഫീസ് വരെയെത്തുന്ന സമ്പ്രദായത്തിനാണ് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും അയച്ചുനല്‍കി.

ഹെഡ്മാസ്റ്റര്‍മാരാണ് അധ്യാപകരുടെ വിലയിരുത്തല്‍ ആദ്യം നടത്തേണ്ടത്. ആഴ്ചയില്‍ കുറഞ്ഞത് എല്‍.പി യില്‍ രണ്ട്, യു.പിയില്‍ മൂന്ന്, എച്ച്.എസ്. വിഭാഗത്തില്‍ അഞ്ച് അധ്യാപകരുടെയെങ്കിലും ക്ലാസ് പൂര്‍ണമായും ഹെഡ്മാസ്റ്റര്‍ വിലയിരുത്തണം. റിസോര്‍ഴ്‌സ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും അധ്യാപകരുടെ മികവുകള്‍ക്ക് പ്രോത്സാഹനവും പോരായ്മകള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്യണം.

എ.ഇ.ഒ, ഡി.ഇ.ഒ എന്നിവര്‍ ഒരു മാസം 10 സ്‌കൂളെങ്കിലും സന്ദര്‍ശിക്കണം. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഒരു മാസത്തില്‍ 10 സ്‌കൂളിലെങ്കിലും അക്കാദമിക മോണിട്ടറിങ് നടത്തണം. കൂടാതെ സംസ്ഥാനത്തെ പല മേഖലകളായി തിരിച്ച് മോണിട്ടറിങ് ടീമുകള്‍ക്ക് ഡി.പി. ഐ. രൂപം നല്‍കും. ഈ ടീമും പ്രതിമാസം 10 സ്‌കൂളിലെങ്കിലും പരിശോധന നടത്തും. ഹെഡ്മാസ്റ്റര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് എ.ഇ.ഒ, ഡി.ഇ.ഒ. തലംമുതല്‍ ഡി.പി.ഐ. തലം വരെ വിലയിരുത്തപ്പെടും. മുമ്പുണ്ടായിരുന്നതുപോലെ സ്‌കൂളുകളില്‍ നിന്നുള്ള പ്രഗത്ഭരായ അധ്യാപകരെ ഉള്‍പ്പെടുത്തി റിസോഴ്‌സ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കി വിലയിരുത്തല്‍ സംഘത്തിലേക്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ നിയോഗിക്കും.

ജില്ലാ, സംസ്ഥാനതലത്തില്‍ സ്‌കൂള്‍തലത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ മാതൃകയായി അവതരിപ്പിക്കുകയും അംഗീകാരം നല്‍കുകയും ചെയ്യും. അധ്യാപകര്‍ക്ക് ടീച്ചിങ് മാന്വല്‍ നിര്‍ബന്ധമാക്കും. സ്‌കൂള്‍ വാര്‍ഷിക പദ്ധതി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഹെഡ്മാസ്റ്റര്‍ രൂപപ്പെടുത്തണം. സ്‌കൂള്‍ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സ്വയംവിലയിരുത്തല്‍ രേഖ ഹെഡ്മാസ്റ്റര്‍മാര്‍ എല്ലാ മാസവും നല്‍കണം. സ്‌കൂള്‍ സന്ദര്‍ശനത്തിന് പുറമെ ഡി.ഇ. ഒ. താഴെത്തട്ടില്‍ നടക്കുന്ന അക്കാദമിക മോണിറ്ററിങ് പ്രവര്‍ത്തനം ക്രോഡീകരിക്കുകയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് എല്ലാ മാസവും ഡി.പി.ഐ ക്ക് നല്‍കുകയു വേണം. സംസ്ഥാനതല ഏകോപനം മേഖല തിരിച്ചുള്ള മോണിറ്ററിങ് ടീമുകള്‍ക്കായിരിക്കും.

പുതിയ പാഠ്യപദ്ധതിയില്‍ വിദ്യാര്‍ഥികളുടെ പതിവ് മൂല്യനിര്‍ണയത്തിന് പുറമെ സാമൂഹിക, വൈജ്ഞാനിക മൂല്യനിര്‍ണയവും നിഷ്‌കര്‍ഷിക്കുന്നുണ്ട്. സ്‌കൂള്‍ തലത്തില്‍ ചേരുന്ന റിസോഴ്‌സ് ഗ്രൂപ്പില്‍ ഓരോ കുട്ടിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് സാമൂഹ്യ, വൈജ്ഞാനിക മേഖലകളിലെ കുട്ടിയുടെ അറിവിനെക്കുറിച്ചുള്ള മൂല്യനിര്‍ണയം നടത്തേണ്ടത്.


No comments: