Saturday, May 26, 2012

അധ്യയന ദിവസങ്ങള്‍ 200; ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധ്യയന ദിവസം 220 ആക്കണം. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ 200 ആക്കിയത്. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്.


കേന്ദ്രനിയമപ്രകാരം എല്‍.പി. സ്‌കൂളുകള്‍ 200 ദിവസം അല്ലെങ്കില്‍ 800 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. യു.പി.യില്‍ 220 ദിവസം അല്ലെങ്കില്‍ ആയിരം മണിക്കൂര്‍ ക്ലാസ് നടക്കണം. ഇതില്‍ ആയിരം മണിക്കൂര്‍ എന്ന മാനദണ്ഡം പൊതുവായി സ്വീകരിച്ചാണ് ഇപ്പോള്‍ 200 ദിവസമായി തീരുമാനിച്ചിരിക്കുന്നത്. 200 ദിവസം ക്ലാസ് നടത്തിയാല്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിഷമമുണ്ടാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

No comments: