Thursday, April 19, 2012

അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കാന്‍ അധ്യാപകപരിശീലനം അട്ടിമറിക്കുന്നു

 19-Apr-2012 
മൂലമറ്റം: അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ അധ്യാപക പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പത്താംക്ലാസില്‍ പഠിപ്പിക്കുന്നഐടി അധ്യാപകര്‍ക്കുള്ള പരിശീലനമാണ് നിര്‍ത്തലാക്കിയത്. അധ്യാപകര്‍ക്കായി വിദ്യാഭ്യാസവകുപ്പും എസ്എസ്എയും ഡയറ്റും സംയുക്തമായി എല്ലാവര്‍ഷവും നടപ്പാക്കിവരുന്ന പരിശീലന പരിപാടികളാണ് അട്ടിമറിച്ചത്. ഇത് അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനും പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനും നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് പത്താംക്ലാസില്‍ പഠിപ്പിക്കുന്ന ഐടി അധ്യാപകര്‍ക്ക് നല്‍കിവന്നിരുന്ന പരിശീലനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ജില്ലയില്‍ നാല്കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം നല്‍കിയിരുന്നത്. ഇതില്‍ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായികഴിഞ്ഞ് രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപകരോടാണ് പരിശീലനം നിര്‍ത്തിവച്ചവിവരം പറഞ്ഞ് തിരിച്ചയച്ചിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിരുന്ന പ്രതിഫലവും നല്‍കാന്‍ തയ്യാറായില്ല. പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും (റിസോഴ്സ് ടീച്ചേഴ്സ്) നല്‍കിയിരുന്ന പ്രതിഫലവും നല്‍കാതെയാണ് ഒന്നാംഘട്ട പരിശീലനം അവസാനിപ്പിച്ചത്. പരിശീലനം നിര്‍ത്തലാക്കിയതോടുകൂടി ഇതിനായി നീക്കിവച്ചിരുന്ന പണം മറ്റ് നിലയില്‍ ചെലവഴിക്കാനും പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിരുന്ന ലീവ്സറണ്ടര്‍ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. പരിശീലനത്തിനായി ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടുമില്ല. ഒരുബാച്ചിന് അഞ്ച് ദിവസത്തെ പരിശീലനമാണ് നല്‍കിയിരുന്നത്. പത്താംക്ലാസില്‍ പുതിയ പാഠപുസ്തകമാണ് ഈ വര്‍ഷം നല്‍കുന്നത്. ആയതിനാല്‍ പരിശീലനം അനിവാര്യമാണ്. പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കുന്നതോടുകൂടി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും സാധാരണക്കാരന്റെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം തകര്‍ക്കാനും അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ശ്രമവും ശക്തിപ്രാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി എസ്എസ്എല്‍സി പരീക്ഷയും ഐടി പഠനത്തിലും കേരളത്തില്‍ ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തിവരുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനമാണ് കൈവരിക്കുന്നത്. ഇത് തകര്‍ക്കാന്‍ പത്താംക്ലാസിലെയടക്കം എല്ലാ പരിശീലനവും തകര്‍ക്കുകയെന്ന ഗൂഢതന്ത്രത്തിന്റെ ആദ്യപടിയാണ് ഐടി പരിശീലനം നിര്‍ത്തലാക്കിയുള്ള ഉത്തരവ്. പുതുതായി 106 അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളോട്കാട്ടുന്ന അമിതമായ താല്‍പ്പര്യത്തില്‍നിന്നാണ് പൊതുവിദ്യാലയത്തെ തകര്‍ക്കുന്ന നടപടികള്‍ പല മേഖലകളിലും സ്വീകരിക്കുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറഞ്ഞു. 
deshabhimani

No comments: