Friday, April 13, 2012

വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെങ്കില്‍

മാതൃഭൂമി
മുഖപ്രസംഗം
: 14 Apr 2012


വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ആ നിയമത്തിന്റെ അന്തസ്സത്തയ്ക്കിണങ്ങിയതാണ്. ആറിനും 14-നുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. ഇതനുസരിച്ച് സര്‍ക്കാറിന്റെ സഹായം പറ്റുന്നവയും അല്ലാത്തവയുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണം. ന്യൂനപക്ഷവിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ സഹായധനം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമല്ല. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധി, ഈ നിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സ്വകാര്യ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. സര്‍ക്കാറില്‍നിന്ന് പണം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും ജസ്റ്റിസ് കെ.
എസ്. രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേകവിധിയില്‍ നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍ കുമാറും ഇതിനോട് യോജിച്ചില്ല.

ദാരിദ്ര്യവും നിരക്ഷരതയും വലിയ പ്രശ്‌നങ്ങളായി തുടരുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന് സവിശേഷപ്രാധാന്യമുണ്ട്. ചരിത്രം സൃഷ്ടിക്കുന്നതെന്ന് അതിനെ പലരും വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സ്‌കൂള്‍തലത്തില്‍ പഠനസമ്പ്രദായവും മാനേജ്‌മെന്റ് ഘടനയും മറ്റും പലേടത്തും വ്യത്യസ്തമാണ്. അതിനാല്‍ നിയമം എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്ന ചോദ്യം, അതുകൊണ്ടുവന്നപ്പോള്‍ത്തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രം ആശ്രയിക്കാവുന്ന സ്ഥിതിയല്ല രാജ്യത്തുള്ളത്. സ്വകാര്യ സ്‌കൂളുകളും ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിച്ചാലേ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസസൗകര്യം ലഭിക്കൂ. ആ ലക്ഷ്യത്തോടെയാണ് എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും പാവപ്പെട്ടവര്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചത്. നിയമം നടപ്പാക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്ന, ന്യൂനപക്ഷ പദവിയില്ലാത്ത, സ്വകാര്യസ്‌കൂളുകളുടെ വാദം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് കോടതിയുടെ നിരീക്ഷണം. അത് തങ്ങളുടെ സാമൂഹിക ബാധ്യതകള്‍ തിരിച്ചറിയാനും നിറവേറ്റാനും ഇത്തരം സ്‌കൂളുകള്‍ക്ക് പ്രേരകമാകണം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാത്തവരോ മുടങ്ങിയവരോ ആയ കുട്ടികള്‍ ഒട്ടേറെയുണ്ട്. ദാരിദ്ര്യം, ബോധവത്കരണത്തിന്റെ പോരായ്മ തുടങ്ങിയവ ഈ സ്ഥിതിവിശേഷത്തിന് കാരണങ്ങളാകുന്നു. 

പഠനം നിര്‍ത്തി ജോലിക്കുപോകാന്‍ കുട്ടികളില്‍ പലരെയും നിര്‍ബദ്ധരാക്കുന്നത് ദാരിദ്ര്യമാണ്. വിദ്യാഭ്യാസം സൗജന്യമായി നല്‍കിയതുകൊണ്ടുമാത്രം ഇത്തരക്കാരെ മുഴുവന്‍ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെങ്കിലും അവരുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കാനുള്ള പദ്ധതി കൂടി ഇതിനൊപ്പം നടപ്പാക്കാന്‍ കഴിയണം. വിദ്യാഭ്യാസത്തില്‍ പണത്തിന് പ്രാധാന്യം വര്‍ധിച്ചുവരുന്നു. സ്‌കൂള്‍തലവും ഈ ദുഷ്പ്രവണതയില്‍നിന്ന് മുക്തമല്ല.പഠനനിലവാരവും ഉയര്‍ന്നസൗകര്യങ്ങളും ഉറപ്പു നല്‍കുന്ന സ്വകാര്യ സ്‌കൂളുകളിലെ പഠനച്ചെലവ് സാധാരണക്കാരായ കുട്ടികള്‍ക്ക് താങ്ങാനാവില്ല. മറുവശത്ത്, സര്‍ക്കാര്‍ സ്‌കൂളുകള്‍ പലതരത്തിലും അവഗണിക്കപ്പെടുന്നു. കേരളത്തില്‍ത്തന്നെ അടുത്തകാലത്താണ്, സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. അതിന് കാര്യമായ ഫലം ഉണ്ടായി. അധികൃതരും നാട്ടുകാരും മനസ്സുവെച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാം. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ട്. പാവപ്പെട്ടവരടക്കം എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍തലത്തില്‍ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാവുമ്പോഴേ നിയമം എല്ലാ നിലയ്ക്കും സാര്‍ഥകമാകൂ. സ്‌കൂള്‍തലത്തില്‍, ഏതു മേഖലയിലായാലും പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ പരിഗണന കിട്ടണമെന്നു കൂടി ഈ വിധിയിലൂടെ സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. അതു സാധ്യമാക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടത് ഭരണാധികാരികളാണ്.

No comments: