Monday, November 14, 2011

കുഞ്ഞുങ്ങളെല്ലാം കവികളായി; കവിതകള്‍ പുസ്തകമായി

15 Nov 2011


അമ്പലപ്പുഴ: ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേസമയം കവിതകളെഴുതി. സുഖവും ദുഃഖവും സ്വപ്നങ്ങളും നിറഞ്ഞ അവരുടെ വരികള്‍ ഞൊടിയിടയ്ക്കുള്ളില്‍ പുസ്തകമായി. പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് കുരുന്നുകവികളെയും കവയിത്രികളെയും സൃഷ്ടിച്ച് ശിശുദിനാഘോഷത്തിന് കാവ്യഭംഗി പകര്‍ന്നത്.


കുട്ടികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതിനായി സ്‌കൂളിലെ മലയാളഭാഷ വിഭാഗം ആവിഷ്‌കരിച്ച് ഒരുവര്‍ഷംകൊണ്ട് നടപ്പാകുന്ന 'കാവ്യബാല്യം' പദ്ധതിയുടെ ഭാഗമായിരുന്നു കവിതയെഴുത്ത്. ശിശുദിനമായ തിങ്കളാഴ്ച രാവിലെ രണ്ടും മൂന്നും പീരിയഡുകളിലായിട്ടായിരുന്നു സ്‌കൂളിലെ 1100 കുട്ടികള്‍ ക്ലാസ്മുറികളിലിരുന്ന് കവിതയെഴുതിയത്. രണ്ടുവരിയെങ്കിലും കുത്തിക്കുറിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ നിര്‍ദേശം നല്കി. എല്ലാവരും ഇതനുസരിച്ചു. കവിതയെഴുതാന്‍ ഒരേപോലെയുള്ള പേപ്പറുകളും കുട്ടികള്‍ക്ക് നല്കി. മുഴുവന്‍ കുട്ടികളും കവിതയെഴുത്തില്‍ പങ്കാളികളായി. രണ്ടുവരിമുതല്‍ മുതിര്‍ന്ന കവികളോട് കിടപിടിക്കുന്ന കവിതകള്‍വരെ കുട്ടികളെഴുതി.


കവിതയെഴുതിയ കടലാസുകള്‍ ശേഖരിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ അത് പുസ്തകമാക്കി. പുസ്തകത്തിന്റെ പുറംചട്ടയുംമറ്റും കുട്ടികള്‍തന്നെയൊരുക്കി. വൈകാതെ പ്രകാശനച്ചടങ്ങും നടന്നു.


ജി.സുധാകരന്‍ എം.എല്‍.എ. കുട്ടികളുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു. മഹാകാവ്യങ്ങളുടെ വിദ്യാലയം എന്നാണ് അദ്ദേഹം സ്‌കൂളിനെ വിശേഷിപ്പിച്ചത്. ലോകത്തിലെതന്നെ ആദ്യസംഭവമാകും ഇതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകമേറ്റുവാങ്ങിയ കവി കാവാലം ബാലചന്ദ്രന്‍ പുസ്തകത്തിലെ രണ്ട് കവിതയെടുത്ത് താളമിട്ടുപാടി കുട്ടികളെ ആവേശംകൊള്ളിച്ചു. ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, അധ്യാപകരായ എ.ജെ. സെലിന്‍, സെബാസ്റ്റ്യന്‍ കാര്‍ഡോസ്, എ.എസ്.മേരി കെ.ജെ.യേശുദാസ്, മേരി ഡൊറീന്‍, കെ.എ. കുഞ്ഞുമോള്‍, ബിനോയ് മാര്‍ഗീസ് തുടങ്ങിവയര്‍ പങ്കെടുത്തു.


കുട്ടികളില്‍ കവിതാരചന, കവിതാസ്വാദനം, കവിതാലാപനം എന്നിവ പ്രോത്സാഹിപ്പിക്കലാണ് കാവ്യബാല്യം പരിപാടി ലക്ഷ്യമിടുന്നത്. ജൂണിലാരംഭിച്ച പരിപാടി കവി കുരീപ്പുഴ ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 21ന് 12 കവികള്‍ സ്‌കൂളിലെത്തി കുട്ടികളുമായി സംവദിച്ചു. കവിതയുടെ ലോകത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്തു
ശിശുദിന റാലി മഴയിലലിഞ്ഞു




തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ വര്‍ണാഭമായ ശിശുദിന റാലി മഴയിലലിഞ്ഞു. ശിശുദിനസന്ദേശം നല്‍കാന്‍ എത്തേണ്ട മന്ത്രി ഒരു മണിക്കൂറിലേറെ വൈകിയതോടെ റാലി മഴയില്‍ കുതിരുകയായിരുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളും സംഘടനകളും ശിശുദിനറാലി സംഘടിപ്പിച്ചു.


എസ്.എം.വി. സ്‌കൂളില്‍ ഉച്ചയ്ക്ക് 2.30നായിരുന്നു കുട്ടികളുടെ പൊതുസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനുശേഷമാണ് റാലി നടത്തേണ്ടത്. എന്നാല്‍ കുട്ടികളുടെ പൊതുസമ്മേളനത്തില്‍ ശിശുദിന സന്ദേശം നല്‍കാനായി മന്ത്രി എം.കെ.മുനീര്‍ എത്താന്‍ വൈകിയതിനാല്‍ നാലുമണിയോടെയാണ് യോഗം തുടങ്ങിയത്. അന്തരീക്ഷം കാര്‍മേഘങ്ങളാല്‍ മൂടിക്കെട്ടിയതോടെ യോഗം പെട്ടെന്ന് അവസാനിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും നേതാക്കളും ഉള്‍പ്പെടെയുള്ളവരുടെ റാലി തുടങ്ങി. യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തിലാണ് റാലി എത്തിച്ചേരേണ്ടത്.


വര്‍ണാഭമായ റാലി സ്‌കൂളില്‍ നിന്നാരംഭിച്ച് കേസരി ജങ്ഷന്‍ പിന്നിട്ടതും മഴ തുടങ്ങി. പിന്നെ കുട്ടികളെ നനയാതെ പാതവക്കത്തെ കടകളില്‍ കയറ്റാനായിരുന്നു ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കളുടെ തത്രപ്പാട്. ഈ സമയം സ്‌കൂളില്‍ നിന്നുള്ള റാലിയുടെ മറുഭാഗം തീര്‍ന്നിരുന്നില്ല. തോരാത്ത മഴയായതോടെ റാലി സംഘാടകര്‍ ഉപേക്ഷിച്ചു.


പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് നിസ്സി ജോണ്‍ അധ്യക്ഷയായിരുന്നു. കുട്ടികളുടെ പ്രധാനമന്ത്രി ഗൗരി കൃഷ്ണദാസ്, പ്രധാനമന്ത്രിയുടെ പ്രസംഗവും ആര്‍ദ്ര എ.ആര്‍. മുഖ്യപ്രഭാഷണവും നടത്തി.


മന്ത്രി എം.കെ.മുനീര്‍ ശിശുദിന സന്ദേശം നല്‍കി. മേയര്‍ അഡ്വ.കെ.ചന്ദ്രിക പ്രസംഗിച്ചു. സമാപന യോഗത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പി.കൃഷ്ണനും ജില്ലാ സെക്രട്ടറി ആലന്തറ കൃഷ്ണപിള്ളയും സമ്മാനദാനം നടത്തി. ശിശുക്ഷേമ സമിതിയുടെ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.രാഘുല്‍ വരച്ച ശിശുദിന സ്റ്റാമ്പ് മേയര്‍ അഡ്വ.കെ.ചന്ദ്രിക പ്രകാശനം ചെയ്തു. തപാല്‍ വകുപ്പിന്റെ സ്റ്റാമ്പ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശോഭ കോശി പ്രകാശനം ചെയ്തു.
* * *

ശിശുദിനാഘോഷത്തില്‍ കരവിരുത് കാട്ടി അവര്‍ കൈകോര്‍ത്തു


പെരിയ: ശിശുദിനാഘോഷത്തിന് കൊഴുപ്പേകാന്‍ പെരിയ മഹാത്മ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ തങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ പ്രദര്‍ശനത്തിനൊരുക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ് ഇവിടെ പഠനം നടത്തുന്നത്. കഴിഞ്ഞ ആറ് മാസക്കാലത്തിനിടയിലെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചത്. പെരിയ കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ പ്രദര്‍ശനത്തില്‍ മുത്തുമാലകളും വര്‍ണപ്പൂക്കളും അവര്‍ ഒരുക്കിവെച്ചിരുന്നു. മൂകനും ബധിരനുമായ ഷെഫീഖിന്റെ ചിത്രങ്ങള്‍ കണ്ടവര്‍ അഭിനന്ദിച്ചപ്പോള്‍ കൂടെയുണ്ടായ അമ്മ ദൈനബിക്ക് സന്തോഷം ഏറെയായി. ഇത്തരം പഠനപ്രവര്‍ത്തനങ്ങള്‍ ഈ കുരുന്നുകള്‍ക്ക് കൂടുതല്‍ കൈവഴക്കവും ലക്ഷ്യബോധവും കൂടുതല്‍ ശാരീരികചലനവും വരുത്തുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ പറഞ്ഞു. ശിശുദിനാഘോഷ പരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. എം.ശൈലജ, അരീക്കര നാരായണന്‍, വി.നാരായണന്‍, പി.മാധവന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ദീപ സ്വാഗതം പറഞ്ഞു.
 
പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ പോയതിനെക്കുറിച്ച്അന്വേഷിക്കണം


കണ്ണൂര്‍: പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് നൂറിലേറെ ആദിവാസി കുട്ടികള്‍ ഓടിപ്പോയതിനെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു ആവശ്യപ്പെട്ടു. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഇതൊന്നും നല്‍കാതെ അധികൃതര്‍ പീഡിപ്പിച്ചതാണ് കുട്ടികള്‍ ഓടിപ്പോകാന്‍ കാരണമെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ ഇത്രയും വലിയ സംഭവമുണ്ടായിട്ടും കളക്ടര്‍ തിരിഞ്ഞുനോക്കിയില്ലെന്നത് ഖേദകരമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കുട്ടികള്‍ ജയിലിലേതിനെക്കാള്‍ ക്രൂരമായ പീഡനമാണ് അനുഭവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും കുട്ടികളുടെ വീട്ടുകാരെപ്പോലുമറിയിക്കാതെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചു വെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കുട്ടികളെ തിരിച്ചെത്തിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും കുട്ടികളെ പീഡിപ്പിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മഹാസഭ വൈസ് ചെയര്‍മാന്‍ മാമന്‍ മാസ്റ്റര്‍, പട്ടികജനസമാജം ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. 


വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളില്‍ ചലച്ചിത്രമേള





കരവാളൂര്‍: പാഠ്യപദ്ധതിയുടെ ഭാഗമായി കരവാളൂര്‍ എ.എം.എം.ഹൈസ്‌കൂളില്‍ ഏഴ് നാള്‍ നീളുന്ന ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. സ്‌കൂളിലെ ഭാഷാ ക്ലബ്ബുകള്‍ സംയുക്തമായി പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കായാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

'സിനിമയും ജീവിതവും' എന്ന പാഠഭാഗത്തെ ആസ്​പദമാക്കി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം സെമിനാര്‍, റിവ്യൂ, ഡിബേറ്റ്, മാഗസിന്‍ തുടങ്ങിയ തുടര്‍ പ്രവര്‍ത്തനങ്ങളും വിവിധ മത്സരങ്ങളും നടക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങള്‍കൂടാതെ ഇറാനിയന്‍, ജാപ്പനീസ് ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. പാഠപുസ്തകത്തിലെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വഭാവിക പശ്ചാത്തലം ഒരുക്കുകയാണ് മേള ലക്ഷ്യമിടുന്നതെന്ന് സ്‌കൂളധികൃതര്‍ അറിയിച്ചു.

മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത തരത്തില്‍ വൈകുന്നേരം മൂന്നരമുതലാണ് സിനിമാ പ്രദര്‍ശനം. ജാപ്പനീസ് സംവിധായകന്‍ അവിര കുവുസോവയുടെ 'ഡ്രീംസ്' എന്ന ചിത്രമാണ് ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. സംവിധായകന്‍ ഷാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സിനിമയെക്കുറിച്ച് കുട്ടികള്‍ സംവാദത്തിലേര്‍പ്പെട്ടു. കരവാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.പ്രമീള കുമാരി, പി.ടി.എ. പ്രസിഡന്റ് സി.ബാബു, പ്രഥമാധ്യാപിക സുജ ജോര്‍ജ് മേള ഓര്‍ഗനൈസര്‍ സാം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
ചെപ്പ് ഇന്‍ലാന്റ് മാഗസിന്‍ പ്രകാശനം
വെഞ്ഞാറമൂട്: പിരപ്പന്‍കോട് സര്‍ക്കാര്‍ എല്‍.പി.എസ്സിന്റെ 'ചെപ്പ്' ഇന്‍ലാന്റ് മാഗസിന്റെ 45-ാം ലക്കം പ്രകാശനവും ശിശുദിനാഘോഷവും നടന്നു.

വാര്‍ഡംഗം എന്‍.അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സതികുമാര്‍ അധ്യക്ഷനായി. മോളിക്കുട്ടി, സുരേന്ദ്രന്‍നായര്‍, അനന്തന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
ദൃശ്യവിരുന്നൊരുക്കി നെല്ലിക്കയും നാട്ടുപച്ചയും




നെല്ലിക്ക'യും 'നാട്ടുപച്ച'യും 'ഉണ്ണിക്കുറി'യും ആസ്വാദകര്‍ക്ക് സമൃദ്ധമായ കാഴ്ചാനുഭവം ഒരുക്കിയാണ് കുട്ടികളുടെ ചലച്ചിത്രോത്സവം ആദ്യദിനം പിന്നിട്ടത്. വ്യത്യസ്ത പ്രമേയങ്ങളുമായി വന്ന 30 ചലച്ചിത്രങ്ങളാണ് ആദ്യദിനം പ്രദര്‍ശിപ്പിച്ചത്. പ്രമേയത്തിലെ പുതുമയാണ് നെല്ലിക്കയെയും നാട്ടുപച്ചയെയും വേറിട്ടു നിര്‍ത്തിയതെങ്കില്‍ ഉണ്ണിക്കുറി ആര്‍ദ്രതകൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.


പെണ്ണ്, എച്ച്.ടു.ഒ, മുഖമെവിടെ, ഒരു വസന്തകാലത്ത് തുടങ്ങിയ സിനിമകളും മേളയിലെ വേറിട്ടചിത്രങ്ങളായി. ദാരിദ്ര്യത്തിന്റെ മറ്റൊരു വശമാണ് നെല്ലിക്കയെന്ന സിനിമ. ഭക്ഷണത്തിന്റെ ധൂര്‍ത്തും ഭക്ഷണമില്ലായ്മയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് ഭക്ഷണം കളിയുപകരണമാകുന്നതും ദൈവമാകുന്നതുമായ അവസ്ഥകളും സിനിമയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റാണ് ദൈര്‍ഘ്യം. സെക്കന്‍ഡറി വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കോട്ടുക്കര പി.പി.എം.എച്ച്.എസ്. സ്‌കൂളാണ് സിനിമ നിര്‍മിച്ചത്.


അവിചാരമായി കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ വിദ്യാഭ്യാസം മുടങ്ങിയ അശ്വതിയുടെ കഥ പറയുന്നതാണ് ഉണ്ണിക്കുറിയെന്ന സിനിമ. യൂണിഫോമിന് പണമില്ലാത്തതിനാലാണ് സ്‌കൂളില്‍ വരാത്തതെന്ന് അവള്‍ സഹപാഠികളോട് കള്ളം പറയുന്നു. ക്രിസ്മസിന് ഉണ്ണിക്കുറിയെന്ന പേരില്‍ നറുക്കെടുക്കുന്നപതിവുള്ള സ്‌കൂളില്‍ അത്തവണ നറുക്കെടുപ്പ് മാറ്റിവെച്ച് പണം അശ്വതിക്ക് നല്‍കാന്‍ തീരുമാനിക്കുന്നു. വിവരം വാര്‍ത്തയാക്കാനെത്തിയ ചാനല്‍ പ്രവര്‍ത്തകര്‍ അശ്വതിയുടെ യഥാര്‍ഥ കഥ ജനങ്ങളിലെത്തിക്കുന്നു. ഈ സംഭവം പിന്നീട് ലഘു ചിത്രമാക്കുകയും അതിലെ അഭിനയത്തിന് അശ്വതിക്ക് അവാര്‍ഡ് ലഭിക്കുകയും ചെയ്യുന്നതാണ് പ്രമേയം. അമ്പായത്തോട് യു. പി. സ്‌കൂളാണ് സിനിമ നിര്‍മിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിയ രീതിയില്‍ അലട്ടുന്നുണ്ടെങ്കിലും ഹൃദ്യമായ കഥ കലര്‍പ്പില്ലാതെ പറഞ്ഞിടത്താണ് ഉണ്ണിക്കുറിയുടെ വിജയം. എയ്ഞ്ചല്‍ എസ്. അന്ന തിരക്കഥയും അഥീനബാബു സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.


പ്രൈമറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നാട്ടുപച്ച മലയാള കവിതയുടെ നാട്ടുപച്ചതേടിയുളള സുഖകരമായ യാത്രയാണ്. അധിനിവേശ ശക്തികള്‍ ഭാഷയുടെ അലകും പിടിയും മാറ്റിപ്പണിയാന്‍ ശ്രമിക്കുമ്പോഴും ജനിതകഘടന നിലവിലുള്ള കാലത്തോളം ഭാഷ മരിക്കില്ലെന്ന സന്ദേശം ചലച്ചിത്രത്തിലൂടെ പകരാന്‍ ശ്രമിക്കുന്നു. 28 മിനിറ്റുള്ള സിനിമ നെടുവ ജി. യു. പി. എസ്സാണ് നിര്‍മിച്ചത്. കെ. സുഷമയാണ് സംവിധാനം.


സമൂഹം സാമ്പത്തിക പരാധീനതകള്‍ നേരിടുന്ന ഒരു പെണ്‍കുട്ടിയെ വേട്ടയാടുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് സെക്കന്‍ഡറി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'പെണ്ണ്' എന്ന സിനിമ പറയുന്നത്. വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഇസ്ലാം ഹൈസ്‌കൂളാണ് സിനിമ നിര്‍മിച്ചത്. നയന. എസ്. തോമസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മണ്‍മറഞ്ഞ ചലച്ചിത്ര പ്രവര്‍ത്തകരായ കുതിരവട്ടം പപ്പു, ബാലന്‍ കെ. നായര്‍, കുഞ്ഞാണ്ടി എന്നിവരുടെ പേരിലുള്ള വേദികളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
2010ല്‍ അവാര്‍ഡിനര്‍ഹമായ സിനിമകളുടെ പ്രദര്‍ശനവും ചര്‍ച്ചയും സാംസ്‌കാരിക പരിപാടിയും നടന്നു.
അര്‍ഹതയില്ലാത്ത 261 പേരെ തിരുകിക്കയറ്റി: വ്യാപക ക്രമക്കേട്; അധ്യാപക പാക്കേജ് നടപ്പാക്കുന്നത് തടഞ്ഞു
മലപ്പുറം : വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ അധ്യാപക പാക്കേജ് നടപ്പാക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. ഡിഡിഇ കെ സി ഗോപിയുടെ നേതൃത്വത്തില്‍ പാക്കേജില്‍ അനര്‍ഹരെയും യോഗ്യതയില്ലാത്തവരെയും തിരുകിക്കയറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രമക്കേട് സംബന്ധിച്ച് എസ്എസ്എ സംസ്ഥാന പ്രോജക്ട് അഡീഷണല്‍ ഡയറക്ടര്‍ എല്‍ രാജന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച ഡിഡിഇ ഓഫീസില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലയിലെ എഇഒമാര്‍ , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുമാണ് തെളിവെടുത്തത്. ടീച്ചേഴ്സ് ബാങ്കില്‍ അധ്യാപകരെ ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തിയതായാണ് സൂചന. വിദ്യാഭ്യാസ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് പാക്കേജ് തയ്യാറാക്കിയതെന്നാണ് സമിതിയുടെ കണ്ടെത്തല്‍ . ഡിഡിഇ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അനാസ്ഥകാണിച്ചതായി ചൂണ്ടിക്കാട്ടി സമിതി സര്‍ക്കാരിന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഡിഡിഇയെ രക്ഷപ്പെടുത്താന്‍ ഭരണതലത്തില്‍ ശ്രമം നടക്കുന്നതായും സൂചനയുണ്ട്. പാക്കേജില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത 261 പേരെ വിവിധ വിഭാഗങ്ങളിലായി തിരുകിക്കയറ്റിയെന്നാണ് ഡിഡിഇക്കെതിരായ ആക്ഷേപം. അധ്യാപകരുടെ വിഭാഗത്തില്‍ 181 പേരെയും സംരക്ഷിത അധ്യാപക വിഭാഗത്തില്‍ 19 പേരെയും സര്‍വീസില്‍നിന്ന് പുറത്തുപോകുന്നവരുടെ വിഭാഗത്തില്‍ 61 പേരെയും അനര്‍ഹമായി ഉള്‍പ്പെടുത്തിയതായി പരാതിയുണ്ട്. ക്രമക്കേട് കണ്ടെത്തിയതോടെ ഡിഡിഇയെ സസ്പെന്‍ഡ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഇടപെട്ട് തടഞ്ഞു. ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ തെളിവ് ശേഖരിച്ചശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശംനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടന്നത്. ക്രമക്കേട് എഇഒമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് പുതിയ നീക്കം. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇത്തരത്തിലുള്ളതാണെന്നാണ് വിവരം. ഡിഡിഇക്കെതിരെയുള്ള നടപടി തടഞ്ഞ മന്ത്രിയുടെ നിലപാടില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഡിഡിഇയുടെ വിശദീകരണം കേട്ടശേഷം നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അബ്ദുറബ്ബ് കഴിഞ്ഞദിവസം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാത്തതിനാലാണ് നടപടി മരവിപ്പിച്ചതെന്നായിരുന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കറിന്റെ പ്രതികരണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അവധിയിലായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇദ്ദേഹം ചുമതലയേറ്റയുടന്‍ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. 
കുടിവെള്ളത്തിനായി ക്ലാസ് ബഹിഷ്കരണം: മനുഷ്യാവകാശ കമീഷന്‍ തെളിവെടുത്തു

തളിപ്പറമ്പ്: കുടിവെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കുട്ടികള്‍ ക്ലാസ് ബഹിഷ്കരിച്ചതിനെക്കുറിച്ച് മനുഷ്യാവകാശ കമീഷന്‍ തെളിവെടുത്തു. കയ്യംതടം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കുടിവെള്ളപ്രശ്നംമൂലം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 120 കുട്ടികള്‍ ക്ലാസ് ബഹിഷ്കരിച്ചത്. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ സ്കൂളിലെത്തി തെളിവെടുത്തു. അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കൂറ്റന്‍ മഴവെള്ള സംഭരണിയും രണ്ടു കുഴല്‍കിണറു വെള്ളം ശേഖരിക്കാനുള്ള ടാങ്കും ഉണ്ടെങ്കിലും ആവശ്യത്തിനുള്ള വെള്ളം ലഭിക്കുന്നില്ല. പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്റെ ചെയര്‍മാന്‍ കലക്ടറാണ്. 

അധ്യാപക പാക്കേജ് വേഗത്തില്‍ നടപ്പാക്കും -മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അധ്യാപക പാക്കേജ് പരമാവധി വേഗത്തില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ‘മാധ്യമ’ത്തോട് പറഞ്ഞു. നവംബറില്‍ ശമ്പളം കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് അത് കൊടുക്കും. ബാക്കി ഡിസംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കരുതുന്നു. അടുത്ത ഘട്ടത്തില്‍ അധ്യാപക പരിശീലനം തുടങ്ങും. കണക്കുകളിലെ പിഴവുകള്‍ കാരണം പാക്കേജ് നടപ്പാക്കുന്നത് നീളുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അതേസമയം,  ഒമ്പത് ജില്ലകളില്‍ നവംബര്‍ 16നും ശേഷിക്കുന്നിടങ്ങളില്‍ ഡിസംബര്‍ എട്ടിനകവും അധ്യാപക പാക്കേജ് നടപ്പാക്കുമെന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ ഡി.ഡി.ഇ മാരോട് വിശദീകരണം തേടിയതായും  മന്ത്രി പി.കെ. അബ്ദുറബ്ബ് മലപ്പുറത്ത് അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിവശങ്കരനും ഒപ്പമുണ്ടായിരുന്നു.
പാക്കേജിന് വേണ്ടി ശേഖരിച്ച കണക്കുകളില്‍ ചില പിഴവുകളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. താഴേത്തട്ടിലെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ കണക്കുകളിലാണ് ചെറിയ വീഴ്ചകള്‍ സംഭവിച്ചത്. താഴേത്തട്ടില്‍ പാക്കേജിനെപ്പറ്റി ചില അവ്യക്തതകളുണ്ടായിരുന്നു. അത് നീക്കിയിട്ടുണ്ട്. ഇതിനായി ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങും നടത്തിയിരുന്നു. പരമാവധി സൂക്ഷ്മതയോടെ പാക്കേജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്‍െറ സ്വാഭാവികമായ കാലതാമസമാണ് സംഭവിക്കുന്നത്.  പതിനഞ്ച് കൊല്ലമായി പരിഹരിക്കപ്പെടാതിരുന്ന പ്രശ്നത്തിനാണ് സര്‍ക്കാര്‍ രണ്ട് മാസത്തിനകം പരിഹാരം കണ്ടെത്തിയത്. അത് നടപ്പാക്കുമ്പോള്‍ അതിന്‍േറതായ സങ്കീര്‍ണതകള്‍ ഉണ്ടാകും. എങ്കിലും പരമാവധി പരാതികള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പാക്കേജിനെ വൈകിപ്പിക്കാന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ശ്രമമുണ്ടെങ്കില്‍ അതനുവദിക്കില്ളെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 31ന് അധ്യാപക ബാങ്ക് നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഇതിനുവേണ്ടി ശേഖരിച്ചവയില്‍ 12 ജില്ലകളിലെ കണക്കുകളില്‍ പിഴവുകളുണ്ടായതാണ് നടപടികള്‍ വൈകാനിടയാക്കിയതെന്നായിരുന്നു മാധ്യമം വാര്‍ത്ത. ഇത് തിരുത്താന്‍ വീണ്ടും സമയം അനുവദിക്കേണ്ടി വന്നു. നവംബര്‍ 15ന് മുമ്പ് പിഴവ് തീര്‍ത്ത് കണക്കുകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബര്‍ പകുതിയോടെ അധ്യാപക ബാങ്ക് പ്രാബല്യത്തില്‍ കൊണ്ടുവരാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്നാല്‍ നിലവില്‍ ഈ സമയക്രമം പാലിക്കുക പ്രയാസകരമാകുമെന്നാണ് സൂചന. എല്ലാവര്‍ക്കും ശമ്പളം ലഭിക്കാന്‍ ഫെബ്രുവരിയെങ്കിലും ആയേക്കും. അതേസമയം കാസര്‍കോട്, വയനാട് ജില്ലകളില്‍ അധ്യാപക ബാങ്ക് അന്തിമഘട്ടത്തിലാണ്

No comments: