Saturday, November 5, 2011

അധ്യാപക പാക്കേജ്: സ്‌കൂള്‍ബസ്സുകള്‍ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് താല്‌പര്യക്കുറവ്

6 Nov 2011

നാദാപുരം: അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കുകയും അധ്യാപകപാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തതോടെ സ്‌കൂള്‍ബസ്സുകള്‍ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് താല്പര്യക്കുറവ്.


തസ്തിക നിലനിര്‍ത്താന്‍ വിദൂരങ്ങളില്‍നിന്നുപോലും വിദ്യാര്‍ഥികളെ എത്തിക്കാന്‍ പ്രത്യേക ബസ്, ജീപ്പ്, ഓട്ടോ എന്നിവ അധ്യാപകര്‍ നേരത്തേ ഏര്‍പ്പാടാക്കിയിരുന്നു.


ജോലിസുരക്ഷ ലഭിച്ചതോടെ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അധ്യാപകര്‍ക്ക് താല്പര്യം കുറഞ്ഞു. നിലവില്‍ വിദ്യാര്‍ഥികളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ അധ്യാപകര്‍ നല്ലൊരു തുക ചെലവാക്കുന്നുണ്ട്. തസ്തിക നിലനിര്‍ത്താന്‍ യൂണിഫോം അടക്കമുള്ള വന്‍കിട ഓഫര്‍ നല്‍കുന്ന പതിവും അധ്യാപകര്‍ക്കുണ്ട്.


അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചതോടെ സ്‌കൂള്‍ ബസ്സുകളും വാനുകളും നിര്‍ത്തിവെച്ച എയ്ഡഡ് സ്‌കൂളുകളും മേഖലയിലുണ്ട്. എണ്ണവിലവര്‍ധനയും ജീവനക്കാരുടെ ശമ്പളവുമായി വന്‍തുക നല്‍കേണ്ടിവരുന്നതിനാലാണ് വാഹനങ്ങള്‍ ഒഴിവാക്കുന്നതെന്ന് സ്‌കൂള്‍അധികൃതര്‍ വിശദീകരിക്കുന്നു.

ചരിത്രപാഠങ്ങള്‍ തേടി വിദ്യാര്‍ഥികള്‍ കൊറഗ കോളനിയില്‍
പെര്‍ഡാല: ആദിമ ഗോത്രവിഭാഗമായ കൊറഗരുടെ ചരിത്രമന്വേഷിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൊറഗ കോളനിയിലേക്ക് യാത്ര നടത്തി. പെര്‍ഡാല ജി.എച്ച്.എസിലെ എട്ടാംതരം വിദ്യാര്‍ഥികളാണ് ബദിയഡുക്ക കോളനി സന്ദര്‍ശിച്ചത്. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ഭാഗമായാണ് ഈ ചരിത്രപഠനം. നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഗോത്രവിഭാഗമാണ് കൊറഗര്‍. ബദിയഡുക്ക കോളനിയില്‍ 40 കുടിലുകളിലായി 214 പേരാണ് താമസിക്കുന്നത്.

സമൂഹം ഏറെ മാറിയെങ്കിലും ഇപ്പോഴും നിരവധി ദുരിതങ്ങളും പോരായ്മകളും ഈ വിഭാഗം അനുഭവിക്കുന്നുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തി. ഈ കോളനിയിലുള്ള ഏകാധ്യാപക വിദ്യാലയം ഇവിടത്തെ കുട്ടികളുടെ വഴികാട്ടിയാണ്. 14 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്‌കൂള്‍കുട്ടികളുടെ സന്ദര്‍ശനം കൊച്ചുകൂട്ടുകാര്‍ക്ക് ആവേശമായി. കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു.


കൊറഗര്‍ ഇപ്പോഴും നിരവധി ജീവിത പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് ഒരു സ്ഥിര വരുമാന ജോലിയില്ലെന്നത്. ഇവര്‍ക്ക് അറിയുന്ന ഏക തൊഴില്‍ കൂട്ടമെടയല്‍ മാത്രമാണ്. എന്നാല്‍ പഴയകാലങ്ങളെപ്പോലെ കൂട്ടയ്ക്കാവശ്യമായ പുല്ലാഞ്ചി, മുള ഉള്‍പ്പെടെയുള്ള വള്ളികള്‍ ലഭിക്കാത്തത് ഇവരെ പ്രതിസന്ധിയിലാക്കി.


കോളനിയുടെ പരിസരത്തുള്ള സ്ഥലങ്ങളില്‍ റബര്‍ മരങ്ങള്‍ വെച്ചത് ഇവര്‍ക്ക് ഗുണം നല്‍കുന്നില്ല. ആയിരത്തോളം റബര്‍ മരങ്ങളാണ് ഇവിടെ അനാഥമായ നിലയിലുള്ളത്. റബര്‍ പാലെടുക്കാനുള്ള പരിശീലനം ഈ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടില്ല. മാത്രവുമല്ല, അതേക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും കുട്ടികള്‍ കേട്ടു. മദ്യപാനവും മറ്റു ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗവും കൊറഗരില്‍ വളരെ കൂടുതലാണെന്നും കുട്ടികള്‍ കണ്ടെത്തി.


കുട്ടികള്‍ കണ്ടെത്തിയ വസ്തുതകള്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ പുസ്തകമാക്കും. രതീഷ്, റാബിയ, റുബീന, നസ്രീന, തക്കിയ, ഗണേശന്‍, മുസ്തഫ, സുബൈദ, പ്രദീപ് എന്നീ വിദ്യാര്‍ഥികളാണ് കൊറഗരുടെ ചരിത്രമന്വേഷിച്ച് കോളനിയിലെത്തിയത്. പ്രധാനാധ്യാപകന്‍ അശോക് ബേളൂര്‍, അധ്യാപകരായ ഗ്രീഷ്മ, രശ്മി, പി.കെ.നിഷ, സത്യാവതി, ഒ.പ്രതീഷ് എന്നിവര്‍ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നു. 


'മണിചെയിന്‍ തട്ടിപ്പ്' തുറന്നുകാട്ടി കാഞ്ഞിരപ്പൊയിലില്‍ 'ഗണിത ശൃംഖല'


കാഞ്ഞിരപ്പൊയില്‍: മണിചെയിന്‍ തട്ടിപ്പുകള്‍ തുറന്നുകാട്ടാന്‍ കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി സ്‌കൂളിന്റെ ഗണിത ശൃംഖല. ലോട്ടറി തട്ടിപ്പുകള്‍, മണിചെയിന്‍, ആഡംബരത്തിന്റെ ഗണിത വിശകലനം തുടങ്ങിയ തട്ടിപ്പിന്റെ വര്‍ത്തമാനകാല വഴികള്‍ കുട്ടികള്‍ക്ക് മുന്നില്‍ പ്രവര്‍ത്തനങ്ങളിലൂടെ തുറന്നുകാട്ടി. ഗണിത അധ്യാപകന്‍ കൃഷ്ണദാസ് പലേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, അശോകന്‍ മടയമ്പത്ത്, ബാലചന്ദ്രന്‍.സി, രാകേഷ് കരുവാച്ചേരി, സുരേഷ്.കെ.എന്‍ നേതൃത്വം നല്കി.

No comments: