Sunday, October 16, 2011

ഊരൂട്ടമ്പലം സ്‌കൂളിന് പിന്തുണയായി 'സാന്ത്വനം' പദ്ധതി

17 Oct 2011

ഊരൂട്ടമ്പലം: നൂറുവര്‍ഷം പിന്നിടുന്ന ഊരൂട്ടമ്പലം ഗവണ്മെന്റ് യു.പി. സ്‌കൂളിന്റെ കരുത്ത് വിദ്യാലയത്തിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയാണ്. സര്‍ക്കാര്‍ സ്‌കൂളിന്റെ പരിമിതികള്‍ മറികടക്കാനും വിദ്യാലയാന്തരീക്ഷം മികച്ചതാക്കാനും പി.ടി.എയുടെ സഹായം എപ്പോഴുമുണ്ട്. സുതാര്യവും ചിട്ടയായ പ്രവര്‍ത്തനവുമാണ് സ്‌കൂളിലെ പി.ടി.എയുടേത്. ഇവര്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന സാന്ത്വനം പദ്ധതിയിലൂടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, യൂണിഫോം, പഠനോപകരണം എന്നിവ നല്‍കുന്നു. കൂടാതെ രക്ഷിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രത്യേക സഹായം,സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.

സ്‌കൂളിലെ അധ്യാപകര്‍ തന്നെയാണ് സാന്ത്വനം പദ്ധതിയില്‍ ആദ്യസംഭാവന നല്‍കുന്നത്. തുടര്‍ന്ന് നാട്ടിലെ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സഹായവും പി.ടി.എ. സ്വീകരിക്കുന്നു. നാട്ടുകാരില്‍ നിന്ന് പദ്ധതിക്ക് മികച്ച പ്രതികരണമാണുണ്ടായതെന്ന് പി.ടി.എ. പ്രസിഡന്റ് എ. ശശികുമാര്‍ പറഞ്ഞു. ഒന്നാംക്ലാസ് മുതല്‍ ഹിന്ദി, കമ്പ്യൂട്ടര്‍ പഠനവും പ്ലേ സ്‌കൂള്‍ പ്രീ-പ്രൈമറി വിഭാഗവും സ്‌കൂളിലുണ്ട്. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് 'പ്രതിഭാപോഷണം' എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

കലാ,സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ ഗണിതപഠനവും ഇതിലുള്‍പ്പെടുന്നു. സ്‌കൂള്‍ വാര്‍ഷിക പതിപ്പായ 'ഊരൂട്ടമ്പലം ന്യൂസ്' എന്ന മുഖപത്രവും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രസിദ്ധീകരിക്കുന്നു. 400-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിലാണ്. പരിസ്ഥിതി പഠനയാത്രയ്ക്കും പരിസരശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പ്രധാനാധ്യാപിക എ. സുശീല പറയുന്നു. സ്‌കൗട്ടിന്റെ ഭാഗമായ കബ്ബുള്‍ബുളിന്റെ സാന്നിധ്യവും സ്‌കൂളില്‍ സജീവമാണ്.
 
പാട്ടത്തില്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് പ്രാതല്‍കഴിച്ച് പഠനം തുടങ്ങാം


മംഗലപുരം: തോന്നയ്ക്കല്‍ പാട്ടത്തില്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിലും പ്രഭാതഭക്ഷണം പദ്ധതി തുടങ്ങി. കുരുന്നുകള്‍ക്ക് പ്രാതല്‍ കഴിച്ചതിനുശേഷം പഠനം തുടരാം. ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മേധാവി ഡോ.ജി.വേലായുധന്റെ സഹായ ഹസ്തങ്ങളാണ് പാട്ടത്തില്‍ സ്‌കൂളിലും എത്തിയത്.

പ്രഭാതഭക്ഷണം പദ്ധതി വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മംഗലപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.കവിത അധ്യക്ഷയായിരുന്നു. ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം രാജേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാരാജേന്ദ്രന്‍, ക്ഷേമ കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി.അജികുമാര്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എസ്.ആര്‍.കവിത, വാര്‍ഡ് പ്രതിനിധികളായ എസ്.പ്രഭുലന്‍, ശ്രീലത, തോന്നയ്ക്കല്‍ സര്‍വീസ് സഹകരണ സംഘം ഭരണസമിതിയംഗം ആര്‍.രാജശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനാധ്യാപിക ലൈലാബീഗം സ്വാഗതവും, പി.ടി.എ. പ്രസിഡന്റ് എല്‍.ജീജ നന്ദിയും പറഞ്ഞു.
സ്‌കൂള്‍ അറ്റകുറ്റപണിക്ക് ഡി.വൈ.എഫ്.ഐ. യൂത്ത് ബ്രിഗേഡ്‌സ്

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ. കോറോം വെസ്റ്റ് വില്ലേജ് യൂത്ത് ബ്രിഗേഡ്‌സ് സ്‌കൂള്‍ അറ്റകുറ്റപ്പണി നടത്തി. 50 പേര്‍ ചേര്‍ന്ന് കോറോം മുക്കോത്തടം എല്‍.പി. സ്‌കൂിലെ ചുമരുകള്‍ സിമന്റിട്ട് പെയിന്റിങ് നടത്തി. സ്‌കൂള്‍ പി.ടി.എ.യുടെ പൂര്‍ണ സഹകരണവും ലഭിച്ചു. ഒരാഴ്ചകൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് ബ്രിഗേഡ് ക്യാപ്റ്റന്‍ എം.കെ.ജോഷി, വൈസ് ക്യാപ്റ്റന്‍ കെ.വി.ബിജു എന്നിവര്‍ അറിയിച്ചു
സ്‌പര്‍ശം' പേരാമ്പ്ര ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്ററും സംയുക്തമായി നടപ്പാക്കുന്ന 'സ്​പര്‍ശം' പദ്ധതി ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കാന്‍ പേരാമ്പ്ര ബ്ലോക്ക് വിദ്യാഭ്യാസസമിതി തീരുമാനിച്ചു.

ശാരീരികവൈകല്യമുള്ളവരുടെ വീടുകളില്‍ വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ ഭൗതികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുക, തൊഴില്‍പരിശീലനം ലഭ്യമാക്കുക എന്നിവയാണ് 'സ്​പര്‍ശം' പദ്ധതി ലക്ഷ്യമിടുന്നത്.

സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ പിന്തുണ നല്‍കും. കാഴ്ചക്കുറവുള്ള കുട്ടികള്‍ക്ക് ബ്രെയ്‌ലി പരിശീലനത്തിന് ബി.ആര്‍.സി. നടപടി സ്വീകരിക്കും. സ്‌കൂളുകളില്‍ സാനിറ്റേഷന്‍ ഓഡിറ്റ് നടത്തി മികച്ച വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാനും യോഗം തീരുമാനിച്ചു.

യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നവംബറില്‍ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കും. ബ്ലോക്ക് പരിധിയില്‍ വരുന്ന സ്‌കൂളുകളിലെ മികച്ച അധ്യാപകരെ കണ്ടെത്തി അവാര്‍ഡ് നല്‍കും.

ബ്ലോക്ക് വിദ്യാഭ്യാസസമിതി ചെയര്‍മാന്‍ കല്ലൂര്‍ മുഹമ്മദാലി അധ്യക്ഷതവഹിച്ചു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനേരി നസീര്‍, പി.കെ. ജമാല്‍, ബി.പി.ഒ. കെ. വിനോദന്‍, വി.കെ. ബാലന്‍, ടി.പി. ചന്ദ്രശേഖരന്‍, കെ.വി. ശ്രീനിവാസന്‍, പി.എം. അബ്ദുള്‍ഖാദര്‍, എം. മജീദ്, പി.പി. രഘുനാഥ്, വി. രാമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മേരിക്യൂറിയുടെ ജീവിതകഥയുമായി രസതന്ത്രയാത്രയെത്തി




മലപ്പുറം: മേരിക്യൂറിയുടെ ജീവിതകഥയും രസതന്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ട് യുറീക്ക രസതന്ത്ര യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി. 'ബുണ്‍റാകു' എന്ന പാവനാടകത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന രസതന്ത്രയാത്രയാണ് ജില്ലയിലെത്തിയത്.

സംസ്ഥാനതല രസതന്ത്രയാത്രയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് ഡോ. അനില്‍ ചേലേമ്പ്ര നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍, സെക്രട്ടറി സജി ജേക്കബ്, എ. ശ്രീധരന്‍, കെ. രാജലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ട് ജാഥകളാണ് ജില്ലയില്‍ പര്യടനം നടത്തുന്നത്. എ.കെ. കൃഷ്ണകുമാര്‍, ചെമ്രക്കാട്ടൂര്‍ സുബ്രഹ്മണ്യന്‍, സി.പി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. 21വരെ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.
കുട്ടികള്‍ കണ്ടറിഞ്ഞു; കാക്കിക്കുള്ളിലെ സ്‌നേഹവായ്‌പുകള്‍...

മമ്പാട്: കാക്കിക്കുള്ളില്‍ കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റും ലീഗുമൊന്നുമല്ല; കര്‍മനിരതയോടെയുള്ള മനുഷ്യത്വം മാത്രം... ലാത്തിയും തോക്കും ലോക്കപ്പുമൊക്കെ നന്‍മയുടെ പുനഃസ്ഥാപനത്തിനു വേണ്ടിയുള്ള ഉപാധികള്‍ മാത്രം.

വണ്ടൂര്‍ പഞ്ചായത്ത് ബാലസഭാംഗങ്ങള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതോടെയാണ് അവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. തെറ്റിദ്ധരിക്കപ്പെട്ട പോലീസിന്റെ യഥാര്‍ഥമുഖം കണ്ട് കുട്ടികള്‍ സന്തോഷത്തോടെയാണ് മടങ്ങിയത്. അപ്പോഴേക്കും മനസ്സിലുയര്‍ന്ന ചോദ്യങ്ങള്‍ക്കെല്ലാം അവര്‍ക്ക് ഉത്തരം ലഭിച്ചിരുന്നു. വെടിവെക്കുന്ന സാഹചര്യം, പോലീസിന്റെ അധികാരപരിധി, എന്താണ് ടിയര്‍ഗ്യാസ്, ലാത്തിച്ചാര്‍ജ് നടത്തുന്നതെപ്പോള്‍, പ്രതികളെ എത്രസമയം ലോക്കപ്പില്‍ പാര്‍പ്പിക്കാം തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് സി.ഐ മൂസ വള്ളിക്കാടനും സഹപ്രവര്‍ത്തകരും ഉത്തരം നല്‍കിയത്. ലാത്തി, തോക്ക്, വെടിയുണ്ട, ഗ്രനേഡ്, റൈഫിള്‍, ലോക്കപ്പ് തുടങ്ങിയവയൊക്കെ കുട്ടികള്‍ കണ്ട് വിലയിരുത്തി. പോലീസുകാര്‍ ഇവര്‍ക്ക് മധുരം നല്‍കി.

ബാലസഭാ കോ-ഓര്‍ഡിനേറ്റര്‍ വി.പി. അലിഅക്ബറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.
ക്ലാസ്സഭ: ലീഡര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു

വടകര: ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ക്ലാസ് സഭകള്‍ സംഘടിപ്പിക്കുന്നതിന് ക്ലാസ് ലീഡര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ വിദ്യാലയ ജനാധിപത്യവേദി കണ്‍വീനര്‍മാരുടെ മേഖലാതല യോഗം തീരുമാനിച്ചു. കുട്ടികളുടെ ജനാധിപത്യ അവകാശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ക്ലാസ്തല വേദികളായ ക്ലാസ് സഭകള്‍ മാസത്തില്‍ രണ്ട് തവണ ചേരാനും ഇതിന് നേതൃത്വം നല്‍കുന്ന കുട്ടികളുടെ മന്ത്രിമാര്‍ക്ക് സ്കൂള്‍ തലത്തില്‍ പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. വടകര, തോടന്നൂര്‍ , പന്തലായനി, മേലടി ബ്ലോക്കുകളില്‍ നിന്നുള്ള കണ്‍വീനര്‍മാര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ കമലം അധ്യക്ഷയായി. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ , കെ കെ ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കണ്‍വീനര്‍മാരായി എന്‍ പ്രകാശന്‍ (മേലടി), പി സി പി അബ്ദുള്‍ നാസര്‍ (വടകര), പി ശ്രീനിവാസന്‍ (തോടന്നൂര്‍), ജി കെ വേണു (പന്തലായനി) എന്നിവരെ തെരഞ്ഞെടുത്തു. 
ശാസ്ത്രത്തിന്റെ ഉള്ളറിഞ്ഞ രംഗപാഠം
മലപ്പുറം: അടങ്ങാത്ത അന്വേഷണവുമായി ജീവിതംമുഴുവന്‍ പരീക്ഷണശാലയില്‍കഴിഞ്ഞ മേരി ക്യൂറിക്ക് പാവനാടകത്തിലൂടെ പുനര്‍ജനി. മേരി ക്യൂറിയുടെ ഇതിഹാസ ജീവിതം അവതരിപ്പിക്കുന്ന ബുണ്‍റാകു ജപ്പാന്‍ പാവനാടകം അന്താരാഷ്ട്ര രസതന്ത്രവര്‍ഷത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ജില്ലയിലൂടനീളം അവതരിപ്പിക്കുന്നത്. രസതന്ത്ര വര്‍ഷാചരണം നടക്കുന്ന ഒരു സ്കൂളിലേക്ക് പൊന്നുച്ചാമി, ഗുണ്ടുച്ചാമി, ചിന്നച്ചാമി എന്നീ പാവകള്‍ എത്തുന്നു. അധ്യാപകനോട് ഏറെ അഭ്യര്‍ഥിച്ചശേഷം നാടകം കളിക്കാന്‍ കിട്ടുന്ന അവസരം ഫലപ്രദമാക്കുന്നതാണ് നാടകത്തിന്റെ ആദ്യഭാഗം. കപടശാസ്ത്രത്തിന്റെ ഇടപെടലുകളും പരോക്ഷമായി പത്മനാഭസ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നവുമെല്ലാം പാവകള്‍ വിശദീകരിക്കുന്നു. ശാസ്ത്രത്തെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന സമകാലിക അവസ്ഥയെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. പോളണ്ടില്‍ ജനിച്ച മേരി സ്ത്രീകള്‍ക്ക് പഠനാവകാശമില്ലാത്ത ജന്മനാട്ടില്‍നിന്ന് വിടപറഞ്ഞ് പാരീസിലേക്ക് കുടിയേറി പാര്‍ക്കുന്നതും പാരീസിലെ സര്‍വകലാശാലയില്‍ ഗവേഷണങ്ങളില്‍ മുഴുകുന്നതും "പാവകള്‍" അവതരിപ്പിക്കുന്നു. യുറേനിയം എന്ന റേഡിയോ ആക്ടീവ് പദാര്‍ഥത്തെ സംബന്ധിച്ച് ലോകത്തെമ്പാടും ഗവേഷണം നടക്കുന്നകാലത്ത് മേരിയും ഭര്‍ത്താവ് പിയറിയും ഗവേഷണങ്ങളില്‍ മുഴുകുന്നു. ഇതിനിടെ കണ്ടെത്തിയ അതിപ്രകാശശേഷിയുള്ള മൂലകത്തിന് പിറന്ന നാടിന്റെ പേര് നല്‍കി പ്ലോട്ടോണിയം എന്നുവിളിക്കുമ്പോള്‍ വേദിയില്‍ വികാരമുഹൂര്‍ത്തം സൃഷ്ടിക്കുന്നു. തുടര്‍പരീക്ഷണത്തിലാണ് റേഡിയം കണ്ടുപിടിക്കുന്നത്. ഇത് രോഗികള്‍ക്ക് നല്‍കുന്ന ആശ്വാസം മേരിയിലുണ്ടാക്കിയ ആഹ്ലാദം നൊബേല്‍ പുരസ്കാരം താനും ഭര്‍ത്താവും പങ്കിടുമ്പോഴുള്ളതിലും അധികമായിരുന്നു. റേഡിയത്തിന് പേറ്റന്റ് നേടിയെടുക്കാന്‍ വ്യാപാരികള്‍ മേരിയെ ഉപദേശിച്ചിരുന്നെങ്കിലും മേരി ശാസ്ത്രം മനുഷ്യനന്മക്കുള്ള ഉപാധിയാണെന്ന സത്യത്തില്‍ ഉറച്ചുനിന്നു. നിരന്തര പരീക്ഷണങ്ങളില്‍ സഹായിയായിരുന്ന ഭര്‍ത്താവ് 1906ല്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത് മേരിയില്‍ പ്രയാസം സൃഷ്ടിക്കുമ്പോഴും മേരി കണ്ടുപിടിത്തങ്ങളില്‍ മുഴുകുന്നതും വീണ്ടും നൊബേല്‍ പുരസ്കാരം ലഭിക്കുന്നതും തന്മയത്വത്തോടെ പാവനാടകത്തില്‍ അവതരിപ്പിക്കുന്നു. എ കെ കൃഷ്ണകുമാര്‍ , അരിയല്ലൂര്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ് പാവനാടകം രൂപപ്പെടുത്തിയത്. രസതന്ത്ര യാത്രയുടെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാള്‍ പരിസരത്ത് ഡോ. അനില്‍ ചേലേമ്പ്ര നിര്‍വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വേണു പാലൂര്‍ അധ്യക്ഷനായി. ടി വി ജോയ് സ്വാഗതവും വി ആര്‍ പ്രമോദ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10ന് ജിയുപിഎസിലും മറ്റൊരു ജാഥ ഇതേസമയം കൊണ്ടോട്ടി കാരാട് എച്ച്എസ്എസിലും 12ന് ജിആര്‍എച്ച്എസ് കോട്ടക്കലും വാഴക്കാട് എച്ച്എസ്എസിലും പകല്‍ മൂന്നിന് മണ്ണഴി എയുപിഎസിലും ജിഎച്ച്എസ്എസ് അരീക്കോടും വൈകിട്ട് അഞ്ചിന് താണിക്കലും തച്ചമണ്ണയിലും പാവനാടകം അവതരിപ്പിക്കും.
 

No comments: