Tuesday, September 20, 2011

ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്‌കൂളുകളാക്കി ഉയര്‍ത്താന്‍ നടപടി

 21 Sep 2011
തൊടുപുഴ: ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്‌കൂളുകളാക്കി ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള നടപടികള്‍ തുടങ്ങി. പ്രാരംഭ നടപടി എന്ന നിലയില്‍ അതത് വിദ്യാഭ്യാസ ജില്ലയിലെ എ.ഇ.ഒ.മാര്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിലവിലുള്ള വിദ്യാര്‍ഥികളുടെ എണ്ണം, അടിസ്ഥാനസൗകര്യങ്ങള്‍, ഇപ്പോഴുള്ള അധ്യാപകരുടെ യോഗ്യത എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്.

എ.ഇ.ഒ.മാര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഇതനുസരിച്ചായിരിക്കും സ്‌കൂളുകളായി ഉയര്‍ത്തുന്ന നടപടി. സംസ്ഥാനത്ത് നിലവിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളെ സ്‌കൂളുകളായി ഉയര്‍ത്തുന്നതുസംബന്ധിച്ച വിജ്ഞാപനം അടുത്തകാലത്താണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് എസ്.എസ്.എ.യില്‍ നിന്ന് ഇത്തരം സ്‌കൂളുകളുടെ നടത്തിപ്പുസംബന്ധിച്ച് കാര്യങ്ങള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലേക്ക് മാറ്റി. ഡി.ഡി.യുടെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോള്‍ എ.ഇ.ഒ.മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

ജില്ലയില്‍ 87 ഏകാധ്യാപക വിദ്യാലയങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പോതമേട് വിദ്യാലയം പുതിയ അധ്യയനവര്‍ഷം പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ള വിദ്യാലയങ്ങളിലാണ് എ.ഇ.ഒ.മാര്‍ പരിശോധന നടത്തുന്നത്. പരിശോധനയില്‍ മികച്ച റിപ്പോര്‍ട്ട് ലഭിക്കുന്ന വിദ്യാലയങ്ങള്‍ സ്‌കൂളുകളായി ഉയര്‍ത്തും. അടുത്തടുത്ത് ഇത്തരം വിദ്യാലയങ്ങളുണ്ടെങ്കില്‍ അവയെ സംയോജിപ്പിച്ചാവും സ്‌കൂളുകളാക്കുക.

ഇപ്പോള്‍ ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകര്‍ താത്കാലിക അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. അധ്യാപകര്‍ക്ക് നിശ്ചിതയോഗ്യതയുണ്ടെങ്കില്‍ സ്‌കൂളായി ഉയര്‍ത്തുമ്പോള്‍ ഇത്തരക്കാര്‍ക്ക് ജോലിസ്ഥിരത ലഭിക്കാന്‍ സാധ്യതയുണ്ട്. അവരുടെ യോഗ്യകൂടി പരിഗണിക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിക്കുന്നത് ഇതിനാണ്.

ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്‌കൂളുകളായി ഉയര്‍ത്തുമ്പോള്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യങ്ങളും ലഭിക്കും. ആദിവാസിക്കുടികള്‍ ധാരാളമുള്ള ഇടുക്കി ജില്ലയില്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കണക്കാക്കുന്ന

അധ്യാപകപാക്കേജിന്റെ നേട്ടം മാനേജുമെന്റുകള്‍ക്കായി -എന്‍.പി.ടി.എ.
: 21 Sep 2011

കോഴിക്കോട്: ജോലിനഷ്ടപ്പെട്ടവരും നിയമനാംഗീകാരം ലഭിക്കാത്തവരുമായ അധ്യാപകരുടെ ദുരിതം അകറ്റാന്‍ വേണ്ടി പ്രഖ്യാപിച്ച പാക്കേജ് ഇപ്പോള്‍ മാനേജ്മന്റുകള്‍ക്കുള്ളതായി മാറിയെന്ന് നോണ്‍പ്രൊട്ടക്റ്റഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമിതികുറ്റപ്പെടുത്തി.

അധ്യാപക-വിദ്യാര്‍ഥി അനുപാതം 1: 30 ആയികുറയ്ക്കുബോള്‍ ഉണ്ടാവുന്ന അധിക തസ്തികകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് ജോലിനഷ്ടപ്പെട്ട അധ്യാപകര്‍ക്ക് നിയമനം നല്‍കുമെന്നായിരുന്നു മുന്‍തീരുമാനം. ഇപ്പോള്‍ ഈ തസ്തികകളില്‍ മാനേജുമെന്റുകള്‍ക്ക് നിയമനം നടത്താന്‍ അധികാരം നല്‍കുന്നതിലൂടെ പാക്കേജ് തന്നെ അട്ടിമറിക്കപ്പെടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് വിനോദ് ചെറിയത്ത് അധ്യക്ഷത വഹിച്ചു. പി. എം. അഷ്‌റഫ്, എ. ശിവദാസന്‍, വി.കെ. വിനോദ്, സി.രജനി, കെ. സുബിദ, കെ. വി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

നാടന്‍പാട്ടിന് പുത്തന്‍ ആവിഷ്‌കാരവുമായി കുട്ടിസംഘം

സമൂഹത്തില്‍ നിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടിന് പുത്തന്‍ മാനങ്ങള്‍ നല്‍കാന്‍ കുട്ടിസംഘം ക്ലബ്ബ് തുടങ്ങി. ആരക്കുന്നം സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ആര്‍ട്‌സ് ക്ലബ്ബ് വിദ്യാര്‍ത്ഥികളാണ് നാടന്‍പാട്ട് അവതരണത്തിനായി പുതിയ ക്ലബ്ബ് തുടങ്ങിയത്.സമൂഹത്തില്‍ നാടന്‍പാട്ടിന്റെ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കുട്ടികള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാമങ്ങളിലും മറ്റും നടത്തിയിരുന്ന കൊയ്ത്ത് ഉത്സവങ്ങളിലും ആഘോഷങ്ങളിലും അവതരിപ്പിച്ചിരുന്ന പാട്ടുകള്‍ അതേ രൂപത്തില്‍ തന്നെയാണ് വേദിയിലെത്തിക്കുന്നത്.

പഴയ വേഷങ്ങള്‍ ധരിച്ച് ഉപകരണങ്ങളുമായി പാടങ്ങളുടെയും ഉത്സവപ്പറമ്പുകളുടെയും പശ്ചാത്തലം ഒരുക്കിയാണ് കുട്ടികള്‍ എത്തുന്നത്.നാടന്‍ പാട്ട് അവതാരകന്‍ എം.എ. സുരേന്ദ്രനാഥ് ആണ് കുട്ടികളെ പാട്ടുകളും ഉപകരണ പ്രയോഗവും പഠിപ്പിക്കുന്നത്. സിനിമ-സീരിയല്‍ ഛായാഗ്രാഹകന്‍ ശിവദാസ് എടയ്ക്കാട്ടുവയല്‍ ആണ് വേദിയില്‍ പശ്ചാത്തലം ഒരുക്കുന്നത്. ആര്‍ട്‌സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന്‍ ജിനു ജോര്‍ജ്, പ്രിന്‍സിപ്പല്‍ പ്രീത ജോസ്, വിദ്യാര്‍ത്ഥികളായ അമല്‍ പൗലോസ്, ജോസ്‌വിന്‍ ജോഷി, അപര്‍ണ ചന്ദ്രന്‍, ബിനില എം.എസ്, അഭിരാം, ബിബിന്‍ ബേബി തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 
കായികാധ്യാപകനെ മാറ്റിയതില്‍ പ്രതിഷേധം; കല്ലാനോട് ഹൈസ്‌കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു

കൂരാച്ചുണ്ട്: അന്‍പത് വര്‍ഷത്തോളമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ ചരിത്രത്തിലാദ്യമായി സമരത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അടച്ചു.

കായികരംഗത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി മികച്ച നേട്ടം കൈവരിച്ച കായികാധ്യാപകനെ മയിലള്ളംപാറ യു.പി. സ്‌കൂളിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് കല്ലാനോട് യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കിയത്.

ചൊവ്വാഴ്ച ഹൈസ്‌കൂള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്‌കൂള്‍ മാനേജര്‍ സ്ഥലത്തില്ലാത്തതിനാല്‍ തീരുമാനമായില്ല. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ഥികളും അധ്യാപകരുമായി ചര്‍ച്ച നടത്തി പ്രശ്‌നം വീണ്ടും വെള്ളിയാഴ്ച ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.

കാരണമില്ലാതെ സ്ഥലം മാറ്റിയ കായികാധ്യാപകനെ ഈ അധ്യയനവര്‍ഷം തീരുന്നതുവരെയെങ്കിലും ഈ സ്‌കൂളില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. വര്‍ഷങ്ങളായി ഇരുവിഭാഗം അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

No comments: