Sunday, September 4, 2011

സസ്യലോകത്തെ അത്ഭുതങ്ങള്‍ നേരിട്ടറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം



 04 Sep 2011


കോഴിക്കോട്: സസ്യലോകത്തെ അത്ഭുതങ്ങളും സസ്യപരിണാമവും വിദ്യാര്‍ഥികള്‍ക്ക് അടുത്തറിയാന്‍ തിരുവനന്തപുരം പാലോട്ടുള്ള ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (ടിബിജിആര്‍ഐ) അവസരമൊരുക്കുന്നു. സപ്തംബര്‍ 26 മുതല്‍ 30 വരെയാണ് സസ്യലോകത്തെ സംബന്ധിച്ച വിദ്യാഭ്യാസ പരിപാടി നടത്തുന്നത്.
ദിവസം 60 വിദ്യാര്‍ഥികള്‍ക്കും അഞ്ച് അധ്യാപകര്‍ക്കുമാണ് പ്രവേശനം. അഞ്ചു മണിക്കൂര്‍ നീളുന്ന പ്രോഗ്രാമാണ് ഓരോ ദിവസവും നടത്തുക. പ്രവേശനം സൗജന്യം. ഭക്ഷണം, പഠനവസ്തുക്കള്‍ മുതലായവയും സൗജന്യമായിരിക്കും.


ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടിബിജിആര്‍ഐയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.tbgri.inഅല്ലെങ്കില്‍ plathagopalakrishnan@gmail.com എന്ന ഈമെയില്‍ വിലാസത്തിലോ, 0472-2869226, 2869646, 09447039588 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. ഫാക്‌സ്: 0472-2869646
.
സ്‌കൂളിലെ അരിവിതരണം: പൈസ വാങ്ങിയെന്ന് പരാതി




വിതുര: വിതുര ഗവണ്മെന്റ് യു.പി. സ്‌കൂളില്‍ സൗജന്യ അരിവിതരണം അട്ടിമറിക്കാന്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയെന്നാരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. സ്‌കൂളില്‍ കഴിഞ്ഞദിവസം നടന്ന അരിവിതരണം സംബന്ധിച്ചാണ് പരാതി നല്‍കിയത്. അഞ്ചുരൂപ വീതമാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയത്. കയറ്റിറക്ക് കൂലി ചെലവായതിനാലാണ് പൈസ് വാങ്ങേണ്ടിവന്നതെന്ന് സ്‌കൂള്‍ പി.ടി.എ. വിശദീകരിക്കുന്നു. എന്നാല്‍ പി.ടി.എ. രാഷ്ട്രീയം കളിച്ചെന്നാരോപിച്ചാണ് യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ പരാതി നല്‍കിയത്. സംഭവത്തെപ്പറ്റി അന്വേഷണം നടത്തുമെന്ന് ഉറപ്പ് കിട്ടിയതായി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.
നന്മ'യ്ക്ക് ഒരുകൈ സഹായവുമായി കുട്ടികളുടെ ഓണാഘോഷം






വെള്ളരിക്കുണ്ട്: സാന്ത്വനചികിത്സ തേടുന്ന രോഗികള്‍ക്ക് വിദ്യാര്‍ഥികളുടെ വക ഒരുപിടി അരി വീതം ഓണസമ്മാനം. പിന്നെ 1500ലധികം പേര്‍ ഒന്നിച്ചിരുന്ന് ഓണസദ്യ. കൂടെ മാവേലിയുടെ വരവും നാടന്‍ പാട്ടും ഓണപ്പാട്ട് മേളയും. മാലോത്ത് കസബ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം ഇത്തരത്തില്‍ വേറിട്ടൊരു മാതൃകയായി മാറി.


ഭീമനടിയിലെ 'നന്മ' പാലിയേറ്റീവ് യൂണിറ്റിനാണ് കുട്ടികള്‍ അരി നല്കിയത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്കായാണ് പാലിയേറ്റീവ് യൂണിറ്റ് അരി ശേഖരിച്ചത്. കുട്ടികളുടെയും അധ്യാപകരുടെയും വിഹിതമായി 2700രൂപയും നല്കി. പ്രധാനാധ്യാപിക രേണുക ദേവിയും പി.ടി.എ. പ്രസിഡന്റ് ജെയിംസ് തച്ചിലേടവും ചേര്‍ന്ന് അരിയും തുകയും കൈമാറി. തുടര്‍ന്ന് നടന്ന പൊതുയോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജെയിംസ് തച്ചിലേടത്ത് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക രേണുകാദേവി, ചിങ്ങനാപുരം മോഹന്‍, തോമസ് കാനാട്ട് എന്നിവര്‍ സംസാരിച്ചു. വി.കെ.ആന്‍ഡ്രൂസ് സ്വാഗതവും മരിയ തെരേസ നന്ദിയും പറഞ്ഞു. യോഗത്തിന് ശേഷം ഓണസദ്യയും കൊന്നക്കാട് പി.ആര്‍.ഡി.എസ്. യൂണിറ്റിന്റെ നാടന്‍ പാട്ട് മേളയും നടന്നു. ഇവരൊരുക്കിയ പൂക്കളങ്ങളും ശ്രദ്ധേയമായി.
മധുരസ്മരണകളുണര്‍ത്തി മടക്കിമല ജി.എല്‍.പി.യില്‍ ഓണാഘോഷം




കല്പറ്റ: മുറ്റംനിറയെ പൂക്കളും മനസ്സു നിറയെ ആഹ്ലാദവുമായി മടക്കിമല ജി.എല്‍.പി.യില്‍ ഓണാഘോഷം. മാവേലിക്കാലത്തിന്റെ മധുരസ്മരണകളുണര്‍ത്തി നടത്തിയ ആഘോഷങ്ങള്‍ കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ആവേശമായി.
മഹാബലിയും വാമനനും ആയി വിദ്യാര്‍ഥികള്‍ വേഷമിട്ടപ്പോള്‍ പശ്ചാത്തലമായി വള്ളംകളിയും പൂപ്പൊലിപ്പാട്ടും അരങ്ങുതകര്‍ത്തു. പൂക്കളംകൂടിയായപ്പോള്‍ മാവേലിയുടെ സുവര്‍ണകാലത്തിലേക്കാണ് കുട്ടികള്‍ പോയത്. ആഘോഷങ്ങള്‍ക്ക് പൊലിമയേകാന്‍ വിഭവസമൃദ്ധമായ ഓണസ്സദ്യയും ഉണ്ടായിരുന്നു. മാവേലിയും വാമനനും ഒരുമിച്ചിരുന്ന് ഓണസ്സദ്യ കഴിച്ചതോടെ ആഘോഷങ്ങള്‍ സമാപിച്ചു. പ്രധാനാധ്യാപിക കെ.സരസ്വതി, പി.ടി.എ. പ്രസിഡന്റ് എം.രവീന്ദ്രന്‍, സ്‌കൂള്‍ലീഡര്‍ ആര്‍ദ്ര എം. നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഇനി വിഭവസമൃദ്ധം


പെരിന്തല്‍മണ്ണ: വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളില്‍ പി.ടി.എ.കളുടെ സഹകരണത്തോടെ വിഭവസമൃദ്ധ ഉച്ചഭക്ഷണപദ്ധതിക്ക് തുടക്കമായി.


പദ്ധതിയുടെ പെരിന്തല്‍മണ്ണ ഉപജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി. ഗോപി പെരിന്തല്‍മണ്ണ സെന്‍ട്രല്‍ ജി.എം.എല്‍.പി. സ്‌കൂളില്‍ നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ കെ. സുധാകുമാരി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. വി.എം. ഇന്ദിര, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. രവീന്ദ്രന്‍, സ്ഥിരസമിതി അധ്യക്ഷന്മാരായ പച്ചീരി ഫാറൂഖ്, എം.കെ. ശ്രീധരന്‍, നിഷി അനില്‍രാജ്, വാര്‍ഡ് അംഗം കാട്ടുങ്ങല്‍ നസീറ, കൗണ്‍സിലര്‍ എം. മുഹമ്മദ് സലീം, പി.ടി.എ. ഫോറം സെക്രട്ടറി പി.ടി. ഖാലിദ്, കെ.കെ. നായര്‍, മാനുപ്പ കുറ്റീരി, സി.എച്ച്. നജീബ്, കെ.ആര്‍. രവി, കെ. മണികണ്ഠന്‍, കെ. കുഞ്ഞിക്കുട്ടന്‍, കെ. രാഘവന്‍, പ്രധാനാധ്യാപിക പി. സതീദേവി എന്നിവര്‍ പ്രസംഗിച്ചു.
ഉദിനൂര്‍ സ്കൂള്‍ പിടിഎ നേട്ടങ്ങളുടെ നെറുകയില്‍


തൃക്കരിപ്പൂര്‍ : പഠനത്തോടപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അംഗീകാര നിറവില്‍ . സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ പിടിഎക്കുള്ള അവാര്‍ഡാണ് വിദ്യാലയത്തെ തേടിയെത്തിയത്. വിദ്യാഭ്യാസ ജില്ലയിലും റവന്യു| ജില്ലയിലും മികച്ച പിടിഎയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രണ്ടുലക്ഷം രൂപയുടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. 1360 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതിന് പുറമെ സ്മാര്‍ട്ട് ക്ലാസ് റൂം, സയന്‍സ്- കംപ്യൂട്ടര്‍ - സുവോളജി- ബോട്ടണി ലാബുകളുടെ നവീകരണം, മോടിപിടിപ്പിച്ച പൂന്തോട്ടം, നൂറിലേറെ ഔഷധ സസ്യങ്ങളുടെ പ്രത്യേക ഉദ്യാനം, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സംവിധാനം, 44 സ്കൗട്ട്- ഗൈഡ്സിന് ഇത്തവണ ലഭിച്ച രാജ്യ പുരസ്കാര്‍ അംഗീകാരം, ജില്ലയിലെ മികച്ച കുട്ടി പൊലീസ് സംവിധാനം, സംസ്ഥാന തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്ത പൂരക്കളി ടീം, സ്വന്തമായി ബാന്‍ഡ് ട്രൂപ്പിനുള്ള ശ്രമം, എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഭൗതിക സാഹചര്യം കൈവരിക്കുന്നതിന് പിടിഎ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്്. എംപി, എംഎല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് തുക ലഭ്യമാക്കി പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ പിടിഎ നടത്തിയ ഇടപെടലുകളാണ് പ്രവര്‍ത്തന മികവ്. പ്രിന്‍സിപ്പല്‍ കെ സി ബാലകൃഷ്ണന്‍ , ഹെഡ്മാസ്റ്റര്‍ കെ രവീന്ദ്രന്‍ , പിടിഎ പ്രസിഡന്റ് പി പി കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിങ്കളാഴ്ച മലപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കുന്നതില്‍ പിടിഎ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന് വന്‍ നേട്ടങ്ങളുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റില്‍ ചീഫ് പ്രൂഫ് റീഡറാണ് പി പി കരുണാകരന്‍ . മികച്ച പിടിഎക്കുള്ള സി എച്ച് മുഹമ്മദ്കോയ അവാര്‍ഡിനര്‍ഹരായ ഉദിനൂര്‍ ജിഎച്ച്എസ്എസിനെയും മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ ഓലാട്ട് കെകെഎന്‍എംഎ യുപി അധ്യാപകന്‍ ജി കെ ഗിരീഷിനെയും കെ കുഞ്ഞിരാമന്‍ എംഎല്‍എ അനുമോദിച്ചു.
ജിഎസ്ടിയു നേതാവിന്റെ ഭാര്യക്ക് സീനിയോറിറ്റി മറികടന്ന്് സ്ഥലംമാറ്റം

കാസര്‍കോട്: ജിഎസ്ടിയു സംസ്ഥാന നേതാവിന്റെ ഭാര്യക്ക് മന്ത്രിയുടെ സ്പെഷല്‍ ഓര്‍ഡറിലൂടെ സ്ഥലം മാറ്റം നല്‍കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ പ്രവര്‍ത്തകര്‍ ഡിഡിഇയെ തടഞ്ഞുവച്ചു. സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡം നിലനില്‍ക്കെ സീനിയോറിറ്റി മറികടന്ന് ഓണ്‍ലൈനില്‍ ട്രാസ്ഫറിന് അപേക്ഷ പോലും നല്‍കാതെ രാഷ്ട്രീയ സ്വാധീനവും മറ്റും ഉപയോഗിച്ചാണ് സ്ഥലംമാറ്റം സംഘടിപ്പിച്ചത്. പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ മിനി സെബാസ്റ്റ്യനാണ് മാലോത്ത് കസ്ബയിലേക്ക് സ്ഥലംമാറ്റം ഒപ്പിച്ചെടുത്തത്. ജനറല്‍ ട്രാന്‍സ്ഫര്‍ കഴിഞ്ഞാല്‍ പിന്നീടുള്ള ഒഴിവിലേക്ക് അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍ മാത്രമാണുള്ളത്. ഇതിന് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. എന്നാല്‍ മിനി സെബാസ്റ്റ്യന്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടില്ല. എന്നിട്ടും അനധികൃതമായി സ്ഥലംമാറ്റം നല്‍കുകയായിരുന്നു. ഇത്തരം പ്രവണത തുടര്‍ന്നാല്‍ സീനിയോറിറ്റി പ്രകാരം സ്ഥലംമാറ്റത്തിന് കാത്തിരിക്കുന്നവര്‍ക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകും. അഡ്ജസ്റ്റ്മെന്റ് ട്രാന്‍സ്ഫര്‍ സമയത്ത് അര്‍ഹമായി ലഭിക്കേണ്ട അധ്യാപകര്‍ക്ക് സ്ഥലംമാറ്റം ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അപ്പോള്‍ മിനി സെബാസ്റ്റ്യന്റെ സ്ഥലംമാറ്റ കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കുമെന്നും ഡിഡിഇ രേഖാമൂലം മറുപടി നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ജില്ലാസെക്രട്ടറി കെ രാഘവന്‍ , കെ വി ഗോവിന്ദന്‍ , എ പവിത്രന്‍ , സി ശാന്തകുമാരി, എം സി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

മഴ സ്കൂളുകളിലെ ഓണാഘോഷം നിറംകെടുത്തി


കല്‍പ്പറ്റ: ഓണസദ്യയും ഘോഷയാത്രയും വടംവലിയുമില്ലാതെ ഇത്തവണ സര്‍ക്കാര്‍ സ്കൂളുകളിലെ ഓണാഘോഷം നിറം കെട്ടു. തോരാതെ പെയ്യുന്ന മഴയും അപ്രതീക്ഷിതമായി പരീക്ഷ നടത്തിയതുമാണ് സ്കൂള്‍ കുട്ടികളുടെ ഓണസദ്യയില്‍ വെള്ളം നിറച്ചത്. സാധാരണ പരീക്ഷ കഴിഞ്ഞ് ഓണാവധി ആരംഭിക്കുന്ന ദിവസമാണ് സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ ഇത്തവണ പരീക്ഷ നടത്തിപ്പിലെ അപാകത കാരണം പല സ്കൂളുകളിലും ആഘോഷ പരിപാടികള്‍ മുടങ്ങി. റംസാന്‍ അവധി ദിനങ്ങള്‍ കൂടിയായതോടെ പേരിന് പൂക്കള മത്സരം മാത്രം സംഘടിപ്പിച്ച് സ്കൂളുകള്‍ക്ക് സംതൃപ്തി അടയേണ്ടി വന്നു. മുന്‍ സര്‍ക്കാര്‍ ഓണപരീക്ഷ ഒഴിവാക്കിയെങ്കിലും പുതിയ സര്‍കാര്‍ പരീക്ഷ പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ ചോദ്യ പേപ്പറുകള്‍ വ്യാപകമായി ചോര്‍ന്നതോടെ ആദ്യ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു. മാറ്റിയ പരീക്ഷ സ്കൂള്‍ അടക്കുന്ന വെള്ളിയാഴ്ചയാണ് നടന്നത്. പല സ്കൂളുകളും ഓണാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും പരീക്ഷ നടക്കുന്നതിനാല്‍ ഘോഷയാത്ര, വടംവലി, പുലികളി, ഓണ സദ്യ എന്നിവ ഒഴിവാക്കി പൂക്കളം മാത്രം ഒരുക്കിയാണ് മാവേലി തമ്പുരാനെ വരവേറ്റത്. പാടത്തും പറമ്പിലും ഓടി നടന്നല്ലെങ്കിലും ഗുണ്ടല്‍പേട്ടയിലേയും തോവാളത്തേയും പൂക്കള്‍ കൊണ്ട് സമൃദ്ധമായിരുന്നു കുട്ടികള്‍ മാവേലി മന്നന് വേണ്ടി തയ്യാറാക്കിയ പൂക്കളങ്ങള്‍ . ജമന്തിയും, ചെണ്ടുമല്ലിയും, വാടാര്‍ മല്ലിയും നിറക്കാഴ്ചയൊരുക്കിയ പൂക്കളം തയ്യാറാക്കാന്‍ കുട്ടികള്‍ മത്സരിച്ചപ്പോള്‍ വേലിയരികില്‍ ആര്‍ക്കും വേണ്ടാതെ അരിപ്പൂക്കളും. ഓണപ്പൂക്കളും, അടുമ്പനും കണ്ണീര്‍ പൊഴിച്ചു. കുട്ടികള്‍ 500 മുതല്‍ രണ്ടായിരം രൂപ വരെ പിരിവിട്ടാണ് പൂക്കള്‍ വാങ്ങിയത്. എല്ലാ തവണയും പോലെ ഇത്തവണയും പൂക്കള്‍ക്ക് നല്ല വില നല്‍കേണ്ടി വന്നതായി കുട്ടികള്‍ പറഞ്ഞു. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ് കിലോവിന് വില. ചെണ്ട് മല്ലിക്ക് 300 രൂപയും വാടാര്‍ മല്ലിക്ക് 500 രൂപയുമാണ് വില. ഓണസദ്യയുണ്ടില്ലെങ്കിലും ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും കൂട്ടായ്മയൊരുക്കാന്‍ കഴിഞ്ഞ സന്തോഷം ഇവര്‍ മറച്ച് വെക്കുന്നില്ല. അതേ സമയം ചില സ്കൂളുകള്‍ ഓണാവധി കഴിഞ്ഞ് തുറക്കുന്ന 12ന് ആഘോഷം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

No comments: