Thursday, August 25, 2011

വെള്ളരിപ്പാടം വിളവെടുത്തു; കുട്ടികള്‍ ആഹ്ലാദത്തിമിര്‍പ്പില്‍

25-Aug-2011
പാലോട്: അക്ഷരമുറ്റം വെള്ളരിപ്പാടമായി; കുഞ്ഞിക്കൈകള്‍ വളമിട്ടും വെള്ളം തേകിയും നട്ടുപിടിപ്പിച്ച വെള്ളരിവള്ളികള്‍ കായ്ഫലമിട്ടപ്പോള്‍ ഓണക്കാല വിളവെടുപ്പ് നളന്ദ ടിടിഐ, എല്‍പി ആന്‍ഡ് യുപി സ്കൂളില്‍ ആഹ്ലാദത്തിമിര്‍പ്പിലായി. മലയാളികളുടെ വിളവെടുപ്പ് മഹോത്സവമായ ഓണത്തിന്റെ കേളികൊട്ട് അരികത്തെത്തുമ്പോള്‍ സമ്പല്‍സമൃദ്ധിയുടെ കേരളത്തിന്റെ സ്മൃതിയിലേക്കുള്ള തിരിച്ചുപോക്കായി. പഴമക്കാരുടെ വിയര്‍പ്പില്‍ പൊന്നുവിളഞ്ഞ ഹരിതഭൂമിയുടെ കഥകളും അധ്യാപകര്‍ കുട്ടികളുമായി പങ്കിട്ടു. സ്കൂള്‍ പരിസരത്ത് വെള്ളരി കൂടാതെ നിത്യവഴുതന, പടവലം, പയര്‍ എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്. പെരിങ്ങമ്മല അഗ്രിഫാമിന്റെ ജില്ലാ കൃഷിത്തോട്ടത്തില്‍നിന്നാണ് മേന്മയേറിയതും ഗുണനിലവാരമുള്ള കാര്‍ഷികവിത്തുകള്‍ ശേഖരിച്ചത്. കാര്‍ഷികവൃത്തി പശ്ചാത്തലമാക്കുന്ന പാഠഭാഗങ്ങളില്‍ കുട്ടികള്‍ക്ക് പ്രോജക്ട് പ്രവര്‍ത്തനം നടത്താന്‍ പ്രയോജനപ്രദമാകുന്ന തരത്തിലും കൃഷി അറിവുകള്‍ കൂടുതല്‍ ലഭ്യമാകുന്ന തരത്തിലാണ് കൃഷിരീതി അവലംബിച്ചിട്ടുള്ളതെന്ന് പ്രഥമാധ്യാപകന്‍ എന്‍ ഗംഗാധരന്‍പിള്ള പറഞ്ഞു. ക്ലാസ് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിച്ച് നിത്യേന വിളകള്‍ക്ക് വെള്ളം തേകും. ടിസിസി വിദ്യാര്‍ഥികളും ഇവരെ സഹായിക്കാനെത്തും. സ്കൂള്‍ പിടിഎയുടെയും വികസനസമിതിയുടെയും നേതൃത്വത്തിലാണ് ജൈവവളമെത്തിക്കുന്നത്. വിളവെടുപ്പ് ഉത്സവം നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്‍ ഉദ്ഘാടനംചെയ്തു. ആര്‍ ആര്‍ രാജേഷ്, പ്രഥമാധ്യാപകന്‍ എന്‍ ഗംഗാധരന്‍പിള്ള, വികസന സമിതി അംഗം എസ് ജി സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. 
-
കുട്ടികളുടെ ഭാവനയില്‍ "കതിര്‍മണികള്‍" വിളഞ്ഞു
മുട്ടില്‍ : നിറഞ്ഞുനില്‍ക്കുന്ന വയലുകളില്‍നിന്ന് കതിര്‍മണികള്‍ പറന്നുയരുന്ന കുഞ്ഞാറ്റക്കിളികളെപ്പോലെ കുരുന്നുകളുടെ ഭാവനകള്‍ , അവയില്‍ നിറങ്ങളുണ്ട്, ചിത്രങ്ങളും സ്വപ്നങ്ങളുമുണ്ട്.. ചിലവയ്ക്ക് സങ്കടങ്ങളുമില്ലാതില്ല. ഇവിടെയിതാ എഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകരുന്ന കുട്ടികള്‍ അക്ഷരത്തിന്റെ മാധുര്യം നുകര്‍ന്ന് കതിര്‍മണികള്‍ കൊത്തുന്നു. എടപ്പെട്ടി ഗവ. എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ "കതിര്‍മണികള്‍" എന്ന പ്രസിദ്ധീകരണം കുഞ്ഞുഭാവനയുടെ അതിര്‍ത്തികളില്ലാത്ത ലോകത്തെ കാണിച്ചുതരുന്നുണ്ട്. കവിതകളും കഥകളും കാര്‍ട്ടൂണുകളും കടംകഥകളും ഒരുക്കിയാണ് ഈ കുട്ടികള്‍ കതിര്‍മണികള്‍ ഒരുക്കി വായനക്കാരെ കാത്തിരിക്കുന്നത്. ഒന്നാം ക്ലാസ്സിലെ വിഷ്ണുപ്രിയയുടെ "നല്ല വീട്" എന്ന കവിതയോടെയാണ് കതിര്‍മണികളുടെ തുടക്കം. പ്ലാസ്റ്റിക്കിന്റെ കെടുതികളിലേക്ക് വിരല്‍ചൂണ്ടുന്ന ലേഖനങ്ങളുമുണ്ട്. സംഭാഷണങ്ങളും മൂന്ന് കഥകളും 18 കവിതകളും കതിര്‍മണികളിലുണ്ട്. പുതിയകാലത്തിന്റെ ഹാസ്യതാരം ടിന്റുമോനും കുട്ടികളുടെ ഭാവനയില്‍ വിരിയുന്നുണ്ട്. പഴഞ്ചൊല്ലുകളുടെ ശേഖരം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതാണ്്. സോളാര്‍ കുക്കറും നമ്പ്യാരും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്ന് നാലാം ക്ലാസ്സിലെ വിസ്മയയുടെ ലേഖനം വായിച്ചുതീരുമ്പോള്‍ നമുക്കും തോന്നും. പേജുകള്‍ സമ്പന്നമാക്കാന്‍ കുട്ടികള്‍ നടത്തുന്ന പ്രയത്നത്തോടൊപ്പം അധ്യാപകരുടെ സഹായവും ഈ കതിര്‍മണികളുടെ ശേഖരണത്തിനു പിന്നിലുണ്ട്. 2008- 09 വര്‍ഷം സ്കൂളില്‍ "വളപ്പൊട്ടുകള്‍" എന്നപേരില്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നതായി പ്രധാനാധ്യാപകന്‍ വി എം പൗലോസ് പറഞ്ഞു. കതിര്‍മണികളുടെ പ്രകാശനം സ്കൂളില്‍ നടന്ന ചടങ്ങില്‍ മുട്ടില്‍ പഞ്ചായത്ത് മെംബര്‍ രമ ചെറുമൂല നിര്‍വഹിച്ചു. 
അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു;പണം നല്‍കി ഒത്തുതീര്‍ത്തു

തൃക്കരിപ്പൂര്‍ : വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്. എടച്ചാക്കൈയിലെ അഗതി മന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന പതിനാലുകാരന്‍ കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശിയാണ്. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭിക്കണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് അധ്യാപകനെയും സ്കൂള്‍ മാനേജ്മെന്റിനെയും ഭീഷണിപ്പെടുത്തി. സംഗതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ അധ്യാപകന്‍ പണം നല്‍കി തടിയൂരുകയായിരുന്നു. 
-
വിദ്യാര്‍ഥികള്‍ക്കുള്ള പാല്‍ വിതരണമില്ല; എ.ഇ.ഒ.യെ തടഞ്ഞുവെച്ചു


ആലുവ: ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ മുഴുവന്‍ എയ്ഡഡ് സ്‌കൂളുകളിലും സര്‍ക്കാര്‍ അനുവദിച്ച പാല്‍ വിതരണം തടസ്സപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍ പ്രവര്‍ത്തകര്‍ എ.ഇ.ഒ.യെ തടഞ്ഞുവെച്ചു. മുഴുവന്‍ ജില്ലകളിലും കുട്ടികള്‍ക്ക് പാല്‍ വിതരണം ഈ അധ്യയനവര്‍ഷത്തില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ആലുവ ഉപജില്ലയില്‍ മാത്രം പാല്‍വിതരണം ചെയ്യാത്തത് എ.ഇ.ഒ.യുടെ അലംഭാവം മൂലമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പാല്‍ വിതരണം തടസ്സപ്പെട്ടത് മില്‍മയുടെ ഭാഗത്തുനിന്നുണ്ടായ അപാകമാണെന്നും പത്ത് ദിവസത്തിനകം അത് പരിഹരിച്ച് വിതരണം തുടങ്ങുമെന്നും എ.ഇ.ഒ. ടി.ജെ. ലീന സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. 
 

No comments: