Thursday, August 18, 2011

സമച്ചീര്‍ കല്‍വി: മലയാളം മീഡിയം പാഠപുസ്തകങ്ങള്‍ ഇനിയും എത്തിയില്ല



ചെന്നൈ: ഏകീകൃതപാഠ്യപദ്ധതി (സമച്ചീര്‍ കല്‍വി) പാഠപുസ്തകങ്ങള്‍ മലയാളം ഉള്‍പ്പെടെ ന്യൂനപക്ഷ ഭാഷയില്‍ അധ്യയനം നടത്തുന്ന വിദ്യാലയങ്ങളില്‍ ഇനിയും ലഭിക്കാത്തത് വിദ്യാര്‍ഥികളെ വലയ്ക്കുന്നു. ഇംഗ്ലീഷ്, തമിഴ് മീഡിയം ക്ലാസുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗംപേര്‍ക്കും ഇതിനകം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. എന്നാല്‍, മലയാളം മീഡിയത്തില്‍ അധ്യയനം നടക്കുന്ന നഗരത്തിലെ കേരളവിദ്യാലയം, മലയാള വിദ്യാലയം എന്നീ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുശേഷം മാത്രമേ പാഠപുസ്തകങ്ങള്‍ വിതരണം നടത്താനാവൂ എന്നാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മലയാളം ലാംഗ്വേജ്, കണക്ക്, സയന്‍സ്, സാമൂഹ്യപാഠം തുടങ്ങിയ വിഷയങ്ങളുടെ ഇംഗ്ലീഷില്‍നിന്നും മലയാളത്തിലേക്കുള്ള തര്‍ജമയാണ് മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ടത്. ഇംഗ്ലീഷില്‍നിന്നും ഭാഷകളിലേക്കുള്ള മൊഴിമാറ്റം നേരത്തേപൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, ഇതിന്റെ അച്ചടി വൈകുന്നതാണോ അല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണോ പുസ്തകം വിദ്യാര്‍ഥികളുടെ കൈവശം എത്താന്‍ വൈകുന്നതെന്ന് വ്യക്തമല്ല. സ്‌കൂള്‍ തുറന്ന് രണ്ടര മാസക്കാലം അധ്യയനം തടസ്സപ്പെട്ടിരിക്കുന്ന മലയാളം മിഡിയം വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം ലഭിക്കാത്തത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. ഇംഗ്ലീഷില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ അധ്യാപകര്‍ മാതൃഭാഷയിലേക്ക് സ്വയം മൊഴിമാറ്റം നടത്തിയാണ് ഇപ്പോള്‍ ക്ലാസെടുക്കുന്നത്. അധ്യാപകരെ സംബന്ധിച്ചിടത്തോളവും ഇത് ഇരട്ടിപ്പണിയാണ്.
ആഗസ്ത് 16-നകം പാഠപുസ്തകങ്ങള്‍ വിതരണംപൂര്‍ത്തിയാക്കി അന്നുതന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഇതിനനുസൃതമായി പുസ്തകവിതരണം തകൃതിയായി നടത്തിയിരുന്നെങ്കിലും ഇനിയും ഇത് പൂര്‍ത്തീകരിക്കാനായിട്ടില്ല. പുസ്തകം ഗോഡൗണില്‍നിന്നും വേര്‍തിരിച്ചെടുക്കാനും മറ്റും ജോലിക്കാരുടെ അഭാവമുണ്ടെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ചില പ്രത്യേക പാഠഭാഗങ്ങള്‍ നീക്കംചെയ്യാനും വെട്ടിത്തിരുത്താനും കൂടുതല്‍ സമയം വേണ്ടിവരുന്നുണ്ട്. നേരത്തേ മെട്രിക്കുലേഷന്‍ സ്‌കൂളുകള്‍ സര്‍ക്കാറിന്റെ ടെക്‌സ്സ്റ്റ് ബുക്ക് കോര്‍പ്പറേഷന്‍ അച്ചടിച്ച പാഠപുസ്തകങ്ങള്‍ വാങ്ങില്ലെന്ന് വാശിപിടിച്ചിരുന്നെങ്കിലും ഇപ്പോള്‍ തങ്ങളുടെ നിലപാടില്‍നിന്ന് പതുക്കെ അയഞ്ഞിരിക്കുകയാണ്. സ്വകാര്യ പ്രസാധകരില്‍നിന്നും പുസ്തകങ്ങള്‍ വാങ്ങാനായിരുന്നു നേരത്തേ ഇവര്‍ നീക്കം നടത്തിയിരുന്നത്.
എന്നാല്‍, സ്വകാര്യ പ്രസാധകരക്ക് ഇത് അച്ചടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാന്‍ ഒരു മാസത്തോളം സമയം വേണ്ടിവരുമെന്നതിനാല്‍ മെട്രിക്കുലേഷന്‍ സ്‌കൂളുകള്‍ ഇവരെ ആശ്രയിക്കാനുള്ള തീരുമാനത്തില്‍നിന്നും പിന്‍വലിയുകയായിരുന്നു. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, മെട്രിക്കുലേഷന്‍ സ്‌കൂളുകള്‍ക്ക് ഇതിന് പണം നല്‍കണം. സാധാരണ ഗതിയില്‍ മെട്രിക്കുലേഷന്‍ സ്‌കൂളുകള്‍ പാഠപുസ്തകങ്ങള്‍ വാങ്ങാറുള്ളത് 64 ഓളം വരുന്ന വിവിധ സ്വകാര്യ പ്രസാധകരില്‍ നിന്നാണ്. സമച്ചീര്‍ കല്‍വി നടപ്പില്‍ വന്നതോടെ പാഠപുസ്തകങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് അധ്യയനത്തിന് കൂടുതല്‍ ഉപകാരപ്രദമാകുന്ന വിധത്തില്‍ പ്രസിദ്ധീകരിക്കുമെന്നാണ് സ്വകാര്യപ്രസാധകര്‍ മെട്രിക്കുലേഷന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. പാഠപുസ്തകങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ മെട്രിക്കുലേഷന്‍ സ്‌കൂളുകളുടെ വ്യത്യസ്ത സംഘടനകള്‍ ഇപ്പോഴും ഭിന്നമായ നിലപാട് തുടരുന്നുമുണ്ട്.

No comments: