Wednesday, August 3, 2011

അവധിക്കാലത്തിന് അവധി; ഇവര്‍ നല്ലഭക്ഷണത്തിന്റെ പ്രചാരണത്തിലാണ്...

Posted on: 04 Aug 2011

കോട്ടയ്ക്കല്‍: റംസാന്‍ മാസത്തിലെ സ്‌കൂളവധി ആസ്വദിക്കുകയല്ല ഈ കുട്ടികളും അധ്യാപകരും. എല്ലാ ദിവസവും സ്‌കൂളിലെത്തുന്ന ഇവര്‍ പക്ഷേ പഠിക്കുകയല്ല ചെയ്യുന്നത് പഠിപ്പിക്കുകയാണ്.

കഠിനമായ വ്രതനിഷ്ഠയുടെ പകലിന്റെ ഒടുവില്‍ നോമ്പുതുറയ്ക്കുശേഷം ആഹാരത്തിന്റെ മുന്നിലിരിക്കുന്ന വിശ്വാസികളോട് ഈ കുഞ്ഞുങ്ങള്‍ വീടുവീടാന്തരം കയറി ചോദിക്കുന്നു: ''നിങ്ങള്‍ ആരോഗ്യകരമായ ആഹാരമാണോ കഴിക്കുന്നത്' ഇന്നത്തെ പുതിയ ഭക്ഷണസമ്പ്രദായത്തിന്റെ അപകടത്തിലേക്കാണ് അറയ്ക്കല്‍ എം.എ.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ വിരല്‍ചൂണ്ടുന്നത്. നോമ്പുതുറയ്ക്ക് ശേഷം വ്യാപകമായി ഭക്ഷണമേശയിലെത്തുന്ന പൊറോട്ട, എണ്ണയില്‍ വറുത്ത മൈദ പലഹാരങ്ങള്‍, അച്ചാറുകള്‍, ജാമുകള്‍, കൃത്രിമ മധുരപദാര്‍ഥങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് എത്രയധികം ഹാനികരമാണെന്ന് വിദ്യാര്‍ഥികള്‍ വീട്ടുകാരോട് വിശദീകരിക്കുന്നു.

ബേക്കറി പലഹാരങ്ങളിലെ നിറവും മധുരവും എണ്ണയും മൈദയുമൊക്കെ തനി വിഷാംശമാണെന്ന് വിവരിക്കുന്ന ലഘുലേഖകളും കുട്ടികള്‍ വീടുകളില്‍ വിതരണം ചെയ്യുന്നുണ്ട്. മക്കളെ സ്‌കൂളിലയക്കുമ്പോള്‍ വിഷാംശമടങ്ങിയ പുത്തന്‍ പലഹാരങ്ങളും മിഠായികളും വാങ്ങിത്തിന്നാന്‍ അനുവാദവും പൈസയും കൊടുത്തുവിടുന്ന പ്രവണതക്കെതിരെയും രക്ഷിതാക്കളോട് കുട്ടികള്‍ സംസാരിക്കുന്നു.

സ്‌കൂളിലെ ദേശീയ ഹരിതസേന, ഹരിതം ഇക്കോക്ലബ്ബിന്റെ നേതൃത്വത്തില്‍ 'നല്ല ഭക്ഷണം നമ്മുടെ കുട്ടികള്‍ക്ക്' എന്ന ബോധവത്കരണ പരിപാടിയാണ് റംസാന്‍ അവധി വേണ്ടെന്നുവെച്ച് കുട്ടികള്‍ നടപ്പാക്കുന്നത്. തെന്നല ഗ്രാമപ്പഞ്ചായത്തില്‍ സ്‌കൂള്‍ നല്‍കുന്ന 11-ാം വാര്‍ഡ്, ചുള്ളിപ്പാറ, കൊടക്കല്ല്, വെസ്റ്റ് ബസാര്‍ എന്നീ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും കുട്ടികള്‍ 10-15 പേരുള്ള സംഘങ്ങളായി തിരിഞ്ഞ് കാമ്പയിന്‍ നടത്തുന്നുണ്ട്. ഓരോ അധ്യാപകനും ഒപ്പം ഉണ്ടാകും. ഈ മാസം 31വരെ എല്ലാദിവസവും കാലത്ത് 9.30മുതല്‍ 12.30വരെയാണ് വീടുകയറി ബോധവത്കരണം. സ്‌കൂള്‍ ലീഡര്‍ ആദില്‍, സര്‍ഫാസ്, അജേഷ്, അധ്യാപകരായ ഗോപിനാഥ്, ജോണ്‍സണ്‍, രാജീവന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

No comments: