Monday, July 18, 2011

പ്രഭാതഭക്ഷണ പരിപാടി മുടങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതം

കല്പറ്റ: ജില്ലയിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പരിപാടി മുടങ്ങിയെന്ന പ്രചാരണവും ബന്ധപ്പെട്ട പ്രസ്താവനകളും അടിസ്ഥാനരഹിതമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍.പൗലോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ എം.മുഹമ്മദ്ബഷീര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സ്‌കൂളുകളിലെ പ്രഭാത ഭക്ഷണപരിപാടി മറ്റൊരു ജില്ലയിലും ഇല്ലാത്തതും ജില്ലാപഞ്ചായത്ത് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതുമാണ്.ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കേണ്ട പദ്ധതിയാണിത്. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ മാത്രമേ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ. കഴിഞ്ഞവര്‍ഷം പദ്ധതികള്‍ക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടായതിനെ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് മുന്‍ സര്‍ക്കാറില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയാണ് അംഗീകാരം നേടിയത്.

2008-09ല്‍ ജില്ലാപഞ്ചായത്ത് 40 ലക്ഷംരൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
അടുത്തവര്‍ഷം ജില്ലാപഞ്ചായത്തും ത്രിതല പഞ്ചായത്തുകളും സംയുക്തമായി 1.51കോടിയും
2010-11ല്‍ 1.5 കോടിയും വകയിരുത്തി.
കഴിഞ്ഞവര്‍ഷം 75ലക്ഷം ജില്ലാപഞ്ചായത്തും 75 ലക്ഷം ഗ്രാമപ്പഞ്ചായത്തുകളും വകയിരുത്തിയതില്‍ ഗ്രാമപ്പഞ്ചായത്തുകളുടെ വിഹിതം ലഭിക്കാന്‍ താമസം നേരിട്ടു. എന്നാല്‍ പദ്ധതി മുടങ്ങാതിരിക്കാന്‍ ജില്ലാപഞ്ചായത്ത് നടപടിയെടുത്തു.
ഈ വര്‍ഷത്തെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതികള്‍ ജില്ലാതല സാങ്കേതിക ഉപദേശകഗ്രൂപ്പും ജില്ലാപഞ്ചായത്തിന്‍േറത് സംസ്ഥാനതല സമിതിയും പരിശോധിച്ച് ആസൂത്രണസമിതിയുടെ അംഗീകാരം വാങ്ങേണ്ടതാണ്. അതിനുശേഷമേ പദ്ധതി പ്രാവര്‍ത്തികമാക്കാനാകൂ. സംസ്ഥാനത്ത് എല്ലായിടത്തും ഈ പ്രക്രിയ നടന്നുവരുന്നതേയുള്ളൂ. വസ്തുത ഇങ്ങനെയായിരിക്കെ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് പൗലോസും മുഹമ്മദ്ബഷീറും അറിയിച്ചു

Posted on: 10 Jul 2011

No comments: