Friday, July 22, 2011

സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഒത്തുകളി - കെ.എസ്.ടി.എ.

: 23 Jul 2011
തിരുവനന്തപുരം: സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുകൂലമായ കോടതിവിധി വന്നത് സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും ഒത്തുകളിയാണെന്ന് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സി.ബി.എസ്.ഇ. മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും എന്‍.ഒ.സി. നല്‍കുന്ന മന്ത്രിസഭ തീരുമാനത്തെത്തുടര്‍ന്നാണ് അനുകൂല വിധി വന്നത്. കോടതിയുടെ പേരുപറഞ്ഞ് സ്വകാര്യ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാനാണ് ശ്രമം. ഇത് സര്‍ക്കാരിന്റെ നയംമാറ്റമാണ്.

പാഠ്യപദ്ധതി അട്ടിമറിക്കാനാണ് ശ്രമം. പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായം പഠിപ്പിക്കേണ്ടെന്ന തീരുമാനം അംഗീകരിക്കില്ല. കരിക്കുലം കമ്മിറ്റി തീരുമാനിക്കാത്ത ഒരു കാര്യവും അധ്യാപകര്‍ അംഗീകരിക്കേണ്ട. ആരോപണവിധേയനായ ഒരാളെ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറാക്കിയെന്നും ഷാജഹാന്‍ ആരോപിച്ചു. ഇതിനെതിരെ 25ന് എസ്.സി.ഇ.ആര്‍.ടിക്ക് മുന്നില്‍ ധര്‍ണ നടത്തും.

കുട്ടികളുടെ എണ്ണം കുറഞ്ഞതിനെത്തുടര്‍ന്ന് പുറത്തുപോയ അധ്യാപകരെ സംരക്ഷിക്കുന്നതിന് നടപടിയെടുക്കണം. മലയാളം ഒന്നാം ഭാഷയാക്കിയ ഉത്തരവിനെ വികലമാക്കി നടപ്പാക്കാനാണ് ശ്രമം. ഭൂപരിഷ്‌കരണത്തെ ആക്ഷേപിക്കുന്ന ഐ.സി.എസ്.ഇ. ഏഴാം ക്ലാസ് പാഠപുസ്തകം പിന്‍വലിക്കണമെന്നും കെ.എസ്.ടി.എ. ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഭാരവാഹികളായ ആര്‍.മുരളി, കെ.പി.സന്തോഷ്‌കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
-

പാദവാര്‍ഷിക പരീക്ഷകള്‍ ഉള്‍ക്കൊള്ളിക്കാതെ വിദ്യാഭ്യാസ കലണ്ടര്‍

കുഴല്‍മന്ദം: സ്‌കൂളുകളില്‍ ഓണം, ക്രിസ്മസ് പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും പാദവാര്‍ഷികപരീക്ഷകള്‍ ഉള്‍ക്കൊള്ളിക്കാത്ത വിദ്യാഭ്യാസകലണ്ടര്‍ പുറത്തിറങ്ങി.ഒക്‌ടോബര്‍ മൂന്നാംവാരത്തില്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ തുടങ്ങുമെന്ന അറിയിപ്പുമാത്രമേ കലണ്ടറിലുള്ളൂ. പ്രത്യേക ഉത്തരവിലൂടെ പാദവാര്‍ഷികപരീക്ഷകള്‍ പുനഃസ്ഥാപിക്കുമെന്നാണ് അധ്യാപകര്‍ കരുതുന്നത്.

200 അധ്യയനദിവസങ്ങളാണ് കലണ്ടറിലുള്ളത്. ഓണാവധി സപ്തംബര്‍ രണ്ടുമുതല്‍ 12 വരെയാണ്. ക്രിസ്മസ് അവധിക്ക് ഡിസംബര്‍ 23ന് സ്‌കൂള്‍ അടയ്ക്കും. തുറക്കുന്നത് ജനവരി ഒന്നിനാണ്. എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 12ന് തുടങ്ങും.ഈ അധ്യയനവര്‍ഷത്തില്‍ ഏറ്റവുംകൂടുതല്‍ പ്രവൃത്തിദിനങ്ങള്‍ ജൂണിലായിരുന്നു - 23ദിവസം. ജൂലായ് (21), ആഗസ്ത് (21), സപ്തംബര്‍ (16), ഒക്‌ടോബര്‍ (18), നവംബര്‍ (22), ഡിസംബര്‍ (16), ജനവരി (21), ഫിബ്രവരി (20), മാര്‍ച്ച് (22) എന്നിങ്ങനെയാണ് മറ്റു മാസങ്ങളിലെ പ്രവൃത്തിദിനങ്ങള്‍.എസ്.എസ്.എല്‍.സി. മാതൃകാപരീക്ഷ 2012 ഫിബ്രവരി മൂന്നാംവാരത്തില്‍ തുടങ്ങും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷികപരീക്ഷ മാര്‍ച്ച് ആദ്യവാരത്തിലും എല്‍.പി., യു.പി. വാര്‍ഷികപരീക്ഷകള്‍ മാര്‍ച്ച് രണ്ടാംവാരത്തിലും തുടങ്ങും.
--

ജന്മിത്തത്തിന് സ്തുതിപാടുന്ന പാഠഭാഗം പിന്‍വലിക്കണം - പിണറായി

തിരുവനന്തപുരം: ഐ.സി.എസ്.ഇ. ഏഴാംക്ലാസ്സിലെ മലയാള പാഠാവലിയിലെ ജന്മിത്തത്തെ പ്രകീര്‍ത്തിക്കുന്ന ഭാഗം പിന്‍വലിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജിന്റെ 'ഘോഷയാത്ര' എന്ന പുസ്തകത്തിലെ 'മുരിക്കന്‍' എന്ന ഭാഗമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനിവാര്യമായ സാമൂഹ്യമാറ്റത്തെ പരിഹസിക്കുന്ന ഈ ഭാഗം ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് ഭൂഷണമല്ല.

ഭൂപരിഷ്‌കരണത്തിന് നടപടി സ്വീകരിച്ച ഇ.എം.എസ്. സര്‍ക്കാരിനെ പേരെടുത്ത് അധിക്ഷേപിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം ഒരെഴുത്തുകാരനുണ്ട്. പക്ഷേ അത് സ്‌കൂള്‍ സിലബസിലെ പാഠ്യവിഷയമാക്കുന്നത് അനുചിതമാണ്. കുട്ടനാട്ടില്‍ കായല്‍കൃഷി ഉണ്ടായത് മുരിക്കുംമൂട്ടില്‍ ഔതമന്‍ അഥവാ ജോസഫ് മുരിക്കന്‍ എന്ന കായല്‍ ജന്മിക്ക് വെളിപാടുണ്ടായതുകൊണ്ടാണെന്നാണ് പാഠഭാഗത്തില്‍ പറയുന്നത്. ഇത് ചരിത്ര നിഷേധമാണ്. ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ കായല്‍ നിലങ്ങള്‍ കൃഷിക്കനുയോജ്യമാക്കാന്‍ എല്ലുനുറുങ്ങി പണിയെടുത്തത് മുരിക്കനെന്ന ഒറ്റയാനാണെന്ന ചിത്രീകരണമാണ് പുസ്തകത്തില്‍. കുട്ടനാട്ടെ കായല്‍ നിലങ്ങളെ കൃഷിയോഗ്യമാക്കാന്‍ ജീവന്‍ വെടിഞ്ഞ കര്‍ഷകത്തൊഴിലാളികളുടെ സംഖ്യ എണ്ണിയാലൊടുങ്ങാത്തതാണ്. അത് കാണാതെ ജന്മിസ്തുതിയില്‍ കേന്ദ്രീകരിച്ച വിവരണം കുട്ടികളെ പഠിപ്പിക്കുന്നത് ചരിത്രത്തെ വികലമാക്കലാണ് - പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
--

വിദ്യാലയങ്ങളില്‍ മലയാളപ്പെരുമ

തിരുവനന്തപുരം: മാതൃഭാഷാ സ്‌നേഹം പുതുതലമുറയിലേക്കെത്തിക്കുന്നതിനായി തൃശ്ശൂര്‍ സ്വദേശിയായ സജീഷ് കുട്ടനെല്ലൂര്‍ നടത്തുന്ന യാത്രയായ 'മലയാളപ്പെരുമ' ഏകാഭിനയ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പേട്ട ഗവ. ഗേള്‍സ് സ്‌കൂളില്‍ കവി ഗിരീഷ് പുലിയൂര്‍ നിര്‍വഹിച്ചു. സെന്റ് ജോസഫ്‌സ് സ്‌കൂളിലും മോഡല്‍ സ്‌കൂളിലും മലയാളപ്പെരുമ അരങ്ങേറി.

പ്രതിഫലമില്ലാതെ കേരളം മുഴുവന്‍ സഞ്ചരിച്ചാണ് സജീഷ് മലയാളപ്പെരുമ അവതരിപ്പിക്കുന്നത്. ഫോണ്‍ : 9846391755.
--

ചെണ്ടയിലെ താളവൈവിധ്യങ്ങള്‍ അടുത്തറിഞ്ഞ് ...


ഉദിനൂര്‍: ചെണ്ടയിലും അനുബന്ധ തുകല്‍ വാദ്യങ്ങളിലും പരിചയം നേടി വിദ്യാരംഗം കലാസാഹിത്യവേദിക്ക് തുടക്കമായി. ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനമാണ് തുകല്‍ വാദ്യങ്ങള്‍ കണ്ടറിഞ്ഞും താളങ്ങളിലെ വൈവിധ്യം കേട്ടറിഞ്ഞും സമ്പുഷ്ടമായത്.

തായമ്പക കലാകാരനും പരിശീലകനും ദക്ഷിണേന്ത്യന്‍ സര്‍വകലാശാലാ കലോത്സവത്തില്‍ തായമ്പക ജേതാവുമായ പി.വി. കൃഷ്ണപ്രസാദാണ് സോദാഹരണ വിശദീകരണത്തോടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം കേളി എന്നിവയിലെ വ്യത്യാസം, ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ഇവയുടെ നിര്‍മാണഘടകങ്ങള്‍, താളവൈവിധ്യം, കൂറുകള്‍ എന്നിവയെകുറിച്ച് വിശദമാക്കി. തായമ്പകകയിലെ വിവിധ കൂറുകള്‍, ചെണ്ടമേളത്തിലെ താളങ്ങള്‍ എന്നിവ അവതരിപ്പിച്ചു. താളം തീര്‍ക്കാന്‍ കുട്ടികള്‍ക്കും അവസരം ലഭിച്ചപ്പോള്‍ മത്സരിച്ചെത്തിയ കുട്ടികള്‍ക്കും ആവേശമായി.ഇ. രാഘവന്‍ അധ്യക്ഷനായി. കെ. ആദിത്യ സ്വാഗതവും മഞ്ജിമ മഹേഷ് നന്ദിയും പറഞ്ഞു.
--

No comments: