Thursday, July 21, 2011

സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ

22 Jul 2011




തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിനെ 'പേപ്പര്‍ലെസ്' ഓഫീസാക്കി മാറ്റാനുള്ള ശ്രമം തുടങ്ങും. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് സൂപ്പര്‍ ഹൈവേ സ്ഥാപിക്കുക. ഇതുവഴി എല്ലാ ഓഫീസര്‍മാര്‍ക്കും -മെയില്‍ വിലാസവും ലഭിക്കും. -ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും തീയതിയും ഫലയലിന്റെ നീക്കങ്ങളും എസ്.എം.എസ്. വഴി അറിയാം.
  • എല്ലാ കുട്ടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. സ്‌കോളര്‍ഷിപ്പ്, മേളകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതടക്കം എല്ലാ വിവരങ്ങളും നമ്പര്‍ അടിസ്ഥാനമാക്കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സപ്തംബറോടെ എല്ലാ ഹൈസ്‌കൂളുകളിലും വര്‍ഷാവസാനത്തോടെ എല്ലാ സ്‌കൂളുകളിലും സംവിധാനം നിലവില്‍വരും.
  • എസ്...ടിയുടെ ആഭിമുഖ്യത്തില്‍ ഏഴുമുതല്‍ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്കായി വെബ് പോര്‍ട്ടലിന് തുടക്കം കുറിക്കും.
  • പൊതുവിദ്യാലയങ്ങളില്‍ നിലവിലുള്ള സൗകര്യമുപയോഗിച്ച് രക്ഷിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും.
  • എല്ലാ ഹൈസ്‌കൂളിലും ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍മിക്കും.
  • വി.എച്ച്.എസ്.. വിദ്യാര്‍ഥികള്‍ക്ക് ഫിനിഷിങ് സ്‌കൂള്‍ ആരംഭിക്കും.
  • എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ബി.പി.എല്‍. കുടുംബത്തിലെ വിദ്യാര്‍ഥികളുടെ അച്ഛനമ്മമാരെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
  • സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങും. യൂണിവേഴ്‌സിറ്റി കോളേജ്, വിക്ടോറിയ കോളേജ്, മഹാരാജാസ് കോളേജ്, ബ്രണ്ണന്‍ കോളേജ് എന്നിവ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
  • തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഗവേഷണ പാര്‍ക്ക്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്റര്‍ എന്നിവ സ്ഥാപിക്കും.
  • എല്ലാ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളിലും ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം നടപ്പിലാക്കും.
  • ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജിലെ ലൈബ്രറി ബ്ലോക്കിന്റെയും ആറ്റിങ്ങല്‍, കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജുകളിലെ അക്കാദമിക് ബ്ലോക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും.
  • കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ അക്കാദമിക് ബ്ലോക്ക്, എറണാകുളം മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ പി.ജി. ബ്ലോക്ക്, കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജിന്റെ വര്‍ക്ക്‌ഷോപ്പ്, പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മാണം തുടങ്ങും.
  • .എച്ച്.ആര്‍.ഡിയുടെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും.
  • കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ആധുനിക ഇലക്ട്രിക്കല്‍ ഗ്യാലറി, ശലഭോദ്യാനം, കള്ളിമുള്‍ച്ചെടി ഉദ്യാനം, പുതിയ പ്ലാനറ്റേറിയ പ്രദര്‍ശനം, പുതിയ ലേസര്‍ പ്രദര്‍ശനം, പോപ്പുലര്‍ സയന്‍സ് പ്രദര്‍ശനവസ്തുക്കളുടെ നിര്‍മാണം, ഹാം റേഡിയോ കോഴ്‌സ്, അസ്‌ട്രോണമി കോഴ്‌സ്, അസ്‌ട്രോണമി ഗ്യാലറി എന്നിവ ആരംഭിക്കും.
  • കേരള ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തിലെ വാനനിരീക്ഷണശാലയില്‍ അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സ്ഥാപിക്കും. ശാസ്ത്ര-സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കും

മരങ്ങള്‍ നട്ട് മനുഷ്യരാവാന്‍...

മരങ്ങള്‍ നട്ട മനുഷ്യന്റെ മാതൃക പിന്തുടരാന്‍' വായനയിലൂടെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയാണ് കുട്ടനെല്ലൂരിലെ അക്ഷരസ്‌നേഹ സമിതി.

പുഴയും മണ്ണും മരവും വിഷലിപ്തമാക്കുന്ന സംസ്‌കാരം നാള്‍ക്കുനാള്‍ നാടിനെ ഊഷരമാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന നോവലിന്റെ കോപ്പികള്‍ ക്ലാസ്മുറികളില്‍ എത്തിക്കുകയാണിവര്‍. വായനയുടെ പ്രസക്തി നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണ ബോധത്തിലേക്ക് കുട്ടികളെ നയിക്കുവാനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. അസംതുലിത വികസനം നന്മകള്‍ തണല്‍ വിരിക്കുന്ന പച്ചപ്പിനെയും നാട്ടിടവഴികളെയും തൊടികളെയുമെല്ലാം വിഴുങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസ്മുറികളില്‍ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും അവരില്‍ വായനയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും ഈ നോവലില്‍ വെളിപ്പെടുത്തുന്നു.

മൊട്ടക്കുന്നുകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന ഒരാള്‍ അയാളുടെ ജീവിതം മുഴുവന്‍ വൃക്ഷത്തൈകളും ചെടികളും വെച്ചുപിടിപ്പിച്ചും വിത്തുപാകിയുമൊക്കെ നടന്നുനീങ്ങുന്നു. ആരോടും സംസാരിക്കാതെ തന്റെ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധയൂന്നി കാലങ്ങള്‍ പിന്നിടുമ്പോള്‍ അവിടം മുഴുവന്‍ നിബിഡവനമായി പരിണമിച്ചതിന്റെ കാര്യം തിരക്കാന്‍ ഭരണകര്‍ത്താക്കള്‍ എത്തുന്നു. ഏറെ അന്വേഷണങ്ങള്‍ക്ക് ശേഷം മരങ്ങള്‍ നട്ട മനുഷ്യനെ കണ്ടെത്തുന്നു. നോവലിലെ ഗുണപാഠം സന്ദേശമാക്കി പ്രചരിപ്പിക്കുന്നതിനും വൃക്ഷങ്ങളോടും മണ്ണിനോടും പരിസ്ഥിതിയോടും കൂട്ടുകൂടുന്നതിനും വേണ്ടിയുള്ള ഉദ്യമമാണ് അക്ഷരസ്‌നേഹ സമിതി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒല്ലൂര്‍ പ്രദേശത്തെയും നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് നോവലിന്റെ കോപ്പികള്‍ വിതരണം ചെയ്തത്. ഒപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തു. മനുഷ്യന്‍ വരുത്തിവെച്ച ഭൂമിയുടെ മുറിവുണക്കാന്‍ പച്ചപ്പുകള്‍ കൊണ്ട് കഴിയുമെന്ന സന്ദേശവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.

ഈ നോവലിനെക്കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പുകള്‍ തയ്യാറാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒല്ലൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.
ഡോ. കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ഗിരീശന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍ ജയ മുത്തിപ്പീടിക, ചെറിയാന്‍ ഇ. ജോര്‍ജ്, അഗസ്റ്റിന്‍ കുട്ടനെല്ലൂര്‍, അലക്‌സ് ജെ. ഇമ്മട്ടി, സുരേന്ദ്രന്‍ പെരിഞ്ചേരി, എ.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

No comments: