Wednesday, July 13, 2011

ഞങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുന്നു


Posted on: 14 Jul 2011




പ്ലാസ്റ്റിക്കിനെ തുരത്താനുള്ള സമരം തുടരുമ്പോള്‍ തന്നെ സുപ്രധാനമായ മറ്റൊരു ചുവടുവെപ്പിനും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ബുധനാഴ്ച വേദിയായി. ലഹരിയും അക്രമവാസനയും നിറഞ്ഞാടുന്ന യുവതലമുറയ്ക്ക് നേരായ വഴി കാട്ടാനും ബാലവേലയും ഭിക്ഷാടനവും ഇല്ലായ്മ ചെയ്യാനും മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇനി തൃശ്ശൂര്‍ മാതൃകയാകും. കുട്ടികളെ സ്‌നേഹിക്കുന്ന ആദ്യ കോര്‍പ്പറേഷനാകാനൊരുങ്ങുകയാണ് നഗരം. 'തൃശ്ശൂര്‍ നഗരം കുട്ടികളെ സ്‌നേഹിക്കുന്നു' പദ്ധതി ചര്‍ച്ച ചെയ്യാന്‍ കൂടിയ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ കുട്ടികളെ പലവിധ കുരുക്കുകളില്‍നിന്ന് എങ്ങനെ രക്ഷിക്കാമെന്നതിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും ഉരുത്തിരിഞ്ഞു.

കൗണ്‍സില്‍ തീരുമാനം


സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും കക്ഷിനേതാക്കളുമടങ്ങുന്ന പ്രത്യേക സംഘം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. എല്ലാ ഡിവിഷനുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. സ്‌കൂളുകളിലും മാതാപിതാക്കള്‍ക്കും ബോധവത്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. ലഘുലേഖകള്‍ തയ്യാറാക്കി വിദ്യാലയങ്ങള്‍തോറും വിതരണം ചെയ്യും. പൗരബോധവും മൂല്യബോധവുമുള്ള കുട്ടികള്‍ വളര്‍ന്നുവരാന്‍ അവസരമൊരുക്കി അവരെ നാടിന്റെ സമ്പത്താക്കി മാറ്റുകയാണ് പുതിയ പദ്ധതിയിലൂടെ കോര്‍പ്പറേഷന്റെ ലക്ഷ്യം.


സഹായങ്ങള്‍ വൈകരുത്


കഞ്ചാവുവില്പനയിലും മോഷണങ്ങളിലും കണ്ണികളായ കോളേജ് വിദ്യാര്‍ഥികളും കൗമാരക്കാരും ഇന്നൊരു സ്ഥിരം വാര്‍ത്തയാണ്. ദിനംപ്രതി ധാരാളം കുട്ടികള്‍ ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി നഗരത്തിലെത്തുന്നു. കുറ്റകൃത്യങ്ങളിലും മറ്റും ഇവരെ കൊണ്ടെത്തിക്കുന്നതില്‍ വലിയൊരു പങ്ക് കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനുമുണ്ട്. മുമ്പില്ലാത്ത വിധം അക്രമവാസന കൂടുന്നതിനു പ്രധാന കാരണം കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന തിക്താനുഭവങ്ങളാണ്. പീഡനവും കുടുംബകലഹങ്ങളും മൂലം നട്ടംതിരിയുന്നവരാണ് ഇത്തരം കുട്ടികളില്‍ ഏറിയ പങ്കും. ഇവരുടെ എണ്ണം പെരുകുമ്പോള്‍ സമൂഹത്തിന്റെ അടിത്തറയാണ് തകരുന്നത്. അതിനാല്‍ അത്തരം കുട്ടികളെ കണ്ടെത്തി വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അല്പം പോലും വൈകരുതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍ അഭിപ്രായപ്പെട്ടു.

നഗരം കുട്ടികളെ സ്‌നേഹിക്കും


കുട്ടികളുടെ പ്രശ്‌നങ്ങള്‍ ശരിക്കു മനസ്സിലാക്കിയ, അവരുമായി നിരന്തരം ഇടപഴകുന്നവരാണ് 'തൃശ്ശൂര്‍ നഗരം കുട്ടികളെ സ്‌നേഹിക്കുന്നു' പദ്ധതിക്കു പിറകില്‍. പോലീസും ചൈല്‍ഡ് ലൈനും മാത്രമല്ല അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകരും റസിഡന്റ് അസോസിയേഷനുകളും എന്‍.സി.സി., സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ എന്നിവരുടെയെല്ലാം ഒരു കൂട്ടായ്മയിലൂടെയാണ് പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുക. ബാലവേലയും ഭിക്ഷാടനവും നഗരത്തില്‍നിന്ന് പാടേ തുടച്ചുനീക്കി ലഹരിമുക്തവും അക്രമ-മോഷണ വാസനകളില്ലാത്തതുമായ കൗമാരത്തെ വാര്‍ത്തെടുക്കാനാണ് പദ്ധതി.

കുട്ടികള്‍ സ്വയമുണ്ടാക്കുന്നതും മുതിര്‍ന്നവര്‍ ഉണ്ടാക്കിക്കൊടുക്കുന്നതുമായ പ്രശ്‌നങ്ങളാണ് കുറ്റകൃത്യങ്ങള്‍ക്കും ലഹരി മാഫിയയ്ക്കും വഴിതെളിക്കുന്നത്. ചിലര്‍ ദാരിദ്ര്യംകൊണ്ടും മറ്റു ചിലര്‍ സന്തോഷത്തിനായും കുറ്റകൃത്യങ്ങളും പിടിച്ചുപറിയും നടത്തുന്നു. ജയിലിടയ്ക്കുന്നതും കടുത്ത ശിക്ഷകള്‍ നല്‍കുന്നതും ചെറിയ കള്ളന്മാരെ വലിയ കള്ളന്മാരാക്കാനേ സഹായിക്കൂ. സമൂഹമൊന്നടങ്കം പ്രയത്‌നിച്ച് മൂലകാരണം കണ്ടെത്തി കുട്ടികളെ നേര്‍വഴിക്കു നടത്തുകയാണ് പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി എന്ന് തിരിച്ചറിഞ്ഞതിനാലാണ് കോര്‍പ്പറേഷന്‍ പദ്ധതിക്ക് മുന്‍കൈയെടുക്കുന്നത്.

പഠനങ്ങളിങ്ങനെ


ജനസംഖ്യയുടെ 40 ശതമാനവും 18 വയസ്സില്‍ താഴെയുള്ളവരാണ്. നാടും വീടും വിട്ട് ധാരാളം കുട്ടികള്‍ പഠനാര്‍ത്ഥം നഗരത്തിലെത്തുന്നുണ്ട്. മാതാപിതാക്കളുടെ പരിചരണത്തില്‍നിന്ന് ഹോസ്റ്റലിലേക്കുള്ള പറിച്ചുനടലാണ് പലരുടെയും വഴി തെറ്റിക്കുന്നത്. ജോലിക്കും ഭിക്ഷാടനത്തിനും ആഭരണ, കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കുമായി വേറെയും കുട്ടികള്‍ വരുന്നുണ്ട്. ബാലവേലയ്ക്കുപയോഗിച്ചിരുന്ന 160 കുട്ടികളെയാണ് ജൂണ്‍ ആദ്യവാരം വിമുക്തരാക്കി പുനരധിവസിപ്പിച്ചത്. അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ഈ കുട്ടികള്‍ക്ക് വൃത്തിരഹിതമായ വാസസ്ഥലമാണ് ലഭിക്കാറ്. മുതിര്‍ന്നവരോടൊപ്പമുള്ള താമസം ഇവരുടെ മനോനിലയില്‍ വലിയ വ്യത്യാസമുണ്ടാക്കും. മദ്യപാനം, പുകവലി എന്നിവയിലേക്കു ചെന്നെത്തുന്നതിനു പുറമെ ലൈംഗിക ദുരുപയോഗത്തിന് പാത്രമാകുകയും ചെയ്യുന്നു.

സ്‌കൂളുകളില്‍ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ സ്വാധീനം വേറെയും. ഇത്തരം പ്രലോഭനങ്ങളില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ സമൂഹത്തിന് ചെറുതല്ലാത്ത പങ്ക് വഹിക്കാനാകും.


കൗണ്‍സിലര്‍മാര്‍ പറയുന്നു
ഞങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുന്നു


കൗണ്‍സിലര്‍മാര്‍ സജീവമായാണ് പദ്ധതി ചര്‍ച്ചയില്‍ പങ്കെടുത്തത്. കുട്ടികള്‍ രക്ഷപ്പെടണമെങ്കില്‍ ലഹരിവസ്തുക്കള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കണമെന്നും പ്രൊഫ. അന്നം ജോണ്‍ അഭിപ്രായപ്പെട്ടു.കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും സമൂഹമനഃസ്ഥിതിയുമാണ് കുട്ടികളെ കുറ്റവാളികളാക്കുന്നതെന്നതിനാല്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം കണ്ടെത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് വേണ്ടതെന്ന് സി.എസ്. ശ്രീനിവാസന്‍ നിര്‍ദ്ദേശിച്ചു.

കുട്ടികളുടെ മാനസികാസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ ചികിത്സയും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ്ങും നല്‍കാന്‍ സ്‌കൂളുകളില്‍ സംവിധാനം വേണം. സ്‌കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പുകളില്‍ വാര്‍ഡ് കൗണ്‍സിലറെക്കൂടി പങ്കാളിയാക്കിയാല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകും. പി.ടി.എ. യോഗങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലിന് നിര്‍ദ്ദേശിക്കാം. സഹപാഠികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി അറിയുന്ന കുട്ടികള്‍ പേടികൂടാതെ പോലീസിനെ വിവരം അറിയിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ജനമൈത്രി പോലീസിന് കൂടുതലായി ഇക്കാര്യത്തില്‍ ഇടപെടാന്‍ കഴിയണം - കൗണ്‍സിലില്‍ വേറെയും അഭിപ്രായങ്ങളുയര്‍ന്നു.

ചൈല്‍ഡ്‌ലൈന്‍ ചെയര്‍മാന്‍ ജോര്‍ജ്, ജില്ലാ കമ്മിറ്റി അംഗം ലൈസ പോള്‍, മിനി (ഹിന്ദു ദിനപ്പത്രം), ഈസ്റ്റ് പോലീസ് സിഐ എലിസബത്ത്, ഡിവൈഎസ്​പി മുഹമ്മദാലി എന്നിവരും പങ്കെടുത്തു

mathrubhoomi.


2 comments:

drkaladharantp said...

കിരണ്‍ എഴുതി ഇങ്ങനെ..
അദ്ധ്യാപകന്‍ എന്നാ നിലയില്‍ താങ്കള്‍ ഇനിയും വളരാനുണ്ട് എന്ന് ഓര്‍മ്മിപ്പിക്കട്ടെ ...ദേശാഭിമാനിയില്‍ വരുന്ന വാര്‍ത്തകളെല്ലാം അതുപോലെ വിദ്ധ്യാര്‍ഥികളുടെ തലയിലേക്ക് അടിചെല്പ്പിക്കണം എന്നത് ഒരു വൈകൃത മനസ്സിന്റെ പ്രതിഫലനമായിട്ടാണ് തോന്നിയത് ...അധ്യാപകര്‍ കുറച്ചുകൂടി പക്വത കാണിക്കണം...... പള്ളി വികാരി ഒമ്പതുകാരിയുടെ കരണത്തടിച്ചെങ്കില്‍ അത് അപലപനീയമാണ് .... ...അതില്‍ കവിഞ്ഞു ' ഒരു സ്കൂള്‍ബ്ലോഗിന്റെ തലക്കെട്ടാകാനും മാത്രം ' പള്ളി വികാരി ഒമ്പതുകാരിയുടെ കരണത്തടിച്ച 'വാര്‍ത്തക്ക് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല....'പള്ളി വികാരിമാര്‍ ' പൊതുവേ അങ്ങനെയല്ല എന്ന് താങ്കള്‍ക്കും അറിയാം അതുകൊണ്ട് വാര്‍ത്തയുടെ നിജസ്ഥിതി ഇനിയും അറിയേണ്ടിയിരിക്കുന്നു ...ഈ വാര്‍ത്ത‍ 'സ്കൂള്‍ വാര്‍ത്തയായി' അവതരിപ്പിക്കുന്നത്‌ വഴി വിദ്ധ്യാര്തികള്‍ക്ക് എന്ത് ഗുണമാണ് ഉണ്ടാകുന്നത് ....വിദ്ധ്യാര്‍ഥികളുടെ മുന്‍പില്‍ അച്ചന്മാരെ വിലകുറച്ച് അവതരിപ്പിക എന്നൊരു ഉദ്ദേശമാണോ ഇതിനു പിന്നില്‍ എന്നെനിക്കറിഞ്ഞു കൂടാ ...അങ്ങനെയെങ്കില്‍ അത് ചെയ്യാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങുന്നതെന്തിനാണ് ?!...അത് ചെയ്യാന്‍ മറ്റു പലരുമുണ്ടല്ലോ ...അധ്യാപകരുടെ ഉത്തരവാദിത്വ ബോദം നഷ്ടപ്പെടുന്നതുകൊണ്ടാണ് സ്കൂളുകളില്‍ നിന്നും പ്രത്യേകിച്ചു സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ദിനം പ്രതി പീഡന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്തിനു ഒരു കാരണം എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ ....അതിനാല്‍ കുട്ടികളുടെ ഭാവിക്ക് നല്ലതായി തീരുന്ന കാര്യങ്ങളാണ് അധ്യാപകര്‍ എഴുതേണ്ടത് ...

-----------------

പ്രിയ kiran
അതു ദേശാഭിമാനി വാര്‍ത്തയല്ല
അങ്ങനെ ചിന്ത പോയത് വികാരിക്കെതിരാന് ദേശാഭിമാനി എന്ന മുന്‍വിധി അങ്ങ് പുലര്‍ത്തുന്നത് കൊണ്ടാണ്
എല്ലാ പത്രങ്ങളുടെയും ഫോണ്ട് കോപ്പി ചെയ്യാന്‍ വഴങ്ങുന്നവയല്ല
അതാണ്‌ എന്‍റെ പരിമിതി
മാതൃഭൂമി,മനോരമ, കൌമുദി,ദേശാഭിമാനി ഇവ എന്നും നോക്കും
അതില്‍ നിന്നും പോസ്റ്റ്‌ എടുക്കുന്നു
കുട്ടികളുടെ അവകാശം നിഷേധിക്കുന്നത് വല്യ കാര്യം തന്നെ
അതു വികാരീയാനെന്കില് ലളിതമാകില്ല
ആരാധ്യരായവര്‍ അങ്ങനെ ചെയ്തു കൂടാ
താങ്കളും കുട്ടികളുടെ അവകാശ സംരക്ഷണ കാര്യത്തില്‍ വേറിട്ട്‌ ചിന്തിക്കുമെന്ന് കരുതുന്നില്ല.

Prasanna Raghavan said...

കിരണ്‍,
വാര്‍ത്തയുടെ നിജ സ്ഥിതി എന്താണ് എന്നു വായനക്കാരെ നിങ്ങള്‍ മനസിലാക്കൂ.
കലാധരന്‍ പറയുന്നതു അസത്യമെങ്കില്‍ എന്താണ് സത്യം.
‘വിദ്ധ്യാര്‍ഥികളുടെ മുന്‍പില്‍ അച്ചന്മാരെ വിലകുറച്ച് അവതരിപ്പിക എന്നൊരു ഉദ്ദേശമാണോ ഇതിനു പിന്നില്‍ എന്നെനിക്കറിഞ്ഞു കൂടാ‘
യദ്ധാര്‍ഥത്തില്‍ അങ്ങനെ ഒരു വികാരി ചെയ്തിട്ട്ണ്ട് എങ്കില്‍ അയാള്‍ക്ക് എന്തു വിലയുണ്ടെന്നാണ് ധരിക്കേണ്ടത്?

കലാധരന്‍,

നല്ല ഒരു ഇനിഷിയേട്ടീവ്,
പക്ഷെ ഇതൊക്കെ രാഷ്ട്ര്രിയ ആഹ്വാനത്തിനു വേണ്ടി മാത്രം ആണോ എന്നു തോന്നിപ്പിക്കുന്നു. എങ്കില്‍ അതുകോണ്ടു സമൂഹത്തിനു സ്ഥായിയായ ഗുണം ഉണ്ടാകാന്‍ സാ‍ധ്യത കുറവാണ്. സീവിക്ക് സംഘടനകള്‍ കഷീഭേദമില്ലാതെ മുന്നോട്ടു വന്ന് ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹരം കാണണം. അതാണ് വേണ്ടത്. രക്ഷകര്‍ത്താക്കള്‍ക്ക് ഈ പ്രശ്നത്തില്‍ മറ്റാര്‍ക്കും കഴിയാത്ത ഒരു പങ്കുണ്ട്.
ഓള്‍ ദ് ബെസ്റ്റ്