Wednesday, July 13, 2011

കര്‍ണാടക സ്കൂളുകളില്‍ ആര്‍എസ്എസ് ശിബിരത്തിന് 40 കോടി

WEDNESDAY, JULY 13, 2011

ബംഗളൂരു: കര്‍ണാടകത്തിലെ സ്കൂളുകളില്‍ ഭഗവദ്ഗീതാ പഠനത്തിന് സര്‍ക്കാര്‍ അനുവദിച്ചത് 40 കോടി രൂപ. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ നിരവധി പ്രാഥമിക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുമ്പോഴാണ് സിര്‍സിയിലെ ആര്‍എസ്എസ് മഠത്തിന് ഗീതാധ്യയനം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ 40 കോടി ഗ്രാന്റായി അനുവദിച്ചത്. ഗീതാധ്യയനത്തിന്റെ പേരില്‍ സ്കൂളുകളില്‍ ആര്‍എസ്എസ് ശിബിരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ എതിര്‍പ്പ് വ്യാപകമായിട്ടുണ്ട്.

2009 സെപ്തംബര്‍ 30ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം സ്കൂളുകളില്‍ ഗീതാപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശിബിരം സംഘടിപ്പിക്കാന്‍ ജില്ല, താലൂക്ക്തലങ്ങളില്‍ പ്രത്യേകം കോ-ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. 2008ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ സ്കൂളുകളില്‍ ഗീതാപഠനം സംഘടിപ്പിക്കാന്‍ ആലോചിച്ചിരുന്നു. പ്രതിഷേധം ഭയന്ന് അന്ന് പിന്മാറി. മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ ചുവട് പിടിച്ചാണ് കര്‍ണാടകത്തിലും ഗീതാധ്യയനം ആരംഭിച്ചത്. ഈ നടപടിക്കെതിരെ വിദ്യാഭ്യാസ വിഗദ്ധരും എഴുത്തുകാരും രംഗത്തെത്തി.

കോലാറിലെ സ്കൂളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഭഗവദ്ഗീത പഠിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ്എഫ്ഐ കോലാര്‍ ജില്ലാസെക്രട്ടറി പി അംബരീഷിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു. ചിക്ക്ബല്ലാപുര ജില്ലയിലെ സ്കൂളുകളില്‍ ഗീതാധ്യയനത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി വ്യാഴാഴ്ച ബംഗളൂരുവില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും

No comments: