Sunday, July 3, 2011

സ്‌കൂള്‍ബസിന് അധ്യാപകരില്‍നിന്ന് 3000 രൂപവരെ പിരിവ്; നല്കാത്തവര്‍ക്കെതിരെ നടപടി

Posted on: 04 Jul 2011

കോഴിക്കോട്: സ്‌കൂള്‍ബസ് ഓടിക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണിക്കുമായി എയ്ഡഡ് സ്‌കൂള്‍മാനേജര്‍മാര്‍ പ്രതിമാസം അധ്യാപകരില്‍നിന്ന് പിരിക്കുന്നത് 100 മുതല്‍ 3000 രൂപവരെ. തുക നല്‍കാന്‍ തയ്യാറാവാത്ത അധ്യാപകര്‍ക്കെതിരെ മറ്റുകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അച്ചടക്കനടപടി സ്വീകരിക്കുന്നതായി പരാതി.

  • ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ കുട്ടികളെ പ്രവേശിപ്പിച്ചതിന് വ്യാജരേഖ ഉണ്ടാക്കണമെന്ന് മിക്ക എയ്ഡഡ് മാനേജര്‍മാരും നിര്‍ബന്ധിക്കുന്നതായി പ്രധാനാധ്യാപകര്‍ പറയുന്നു. ഇത് അനുസരിക്കാന്‍ തയ്യാറാവാത്തവര്‍ക്കെതിരെ അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് അച്ചടക്ക നടപടിയെടുക്കുന്നു.
  • സംസ്ഥാനത്ത് നിരവധി സ്‌കൂളുകളില്‍ വ്യാജ അഡ്മിഷന്‍ കാണിച്ചതായി വിദ്യാഭ്യാസ വകുപ്പിന്റെ സൂപ്പര്‍ചെക്ക് സെല്‍ കണ്ടെത്തിയിട്ടുണ്ട്. വ്യാജ അഡ്മിഷന്‍ നടത്തിയാല്‍ സൂപ്പര്‍ ചെക്ക്‌സെല്‍ പിടികൂടും. ഇതിന് കൂട്ടുനിന്നില്ലെങ്കില്‍ മാനേജര്‍മാരുടെ അച്ചടക്കനടപടി എന്ന അവസ്ഥയിലാണ് അധ്യാപകര്‍.
  • സ്‌കൂളുകളില്‍ ഡിവിഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് ബസുകള്‍ ഓടിച്ച് കുട്ടികളെ ക്ലാസിലെ എത്തിക്കുന്നത്. തുടക്കത്തില്‍ പി.ടി.എ. കമ്മറ്റികള്‍ ചെറിയ തുകയാണ് അധ്യാപകരില്‍നിന്ന് പിരിച്ചിരുന്നത്. ഡീസല്‍വിലവര്‍ധനയും മറ്റു ചെലവുകളും കൂടുന്നതിനനുസരിച്ച് തുക കൂട്ടാന്‍ തുടങ്ങി. സര്‍വീസില്‍ പുതുതായി വന്നവര്‍ കൂടുതല്‍ തുകയും സീനിയര്‍മാര്‍ കുറച്ചുതുകയും നല്‍കിയാല്‍ മതി.
  • സ്‌കൂള്‍ അറ്റകുറ്റപ്പണിക്കും ഭീമമായ തുക സ്‌കൂള്‍ ജീവനക്കാരില്‍നിന്നും അധ്യാപകരില്‍നിന്നും പിരിച്ചെടുക്കുന്നു.
  • ഉച്ചക്കഞ്ഞിക്കനുവദിച്ച തുകയില്‍നിന്ന് നിശ്ചിതതുക കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്‍കാന്‍ ആവശ്യപ്പെടുന്ന മാനേജ്മന്റെുകളുമുണ്ട്. ഇതിന് കൂട്ടുനില്‍ക്കാത്ത പ്രധാനാധ്യാപകരെ മറ്റുകാരണം പറഞ്ഞ് സസ്‌പെന്റെ് ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഇങ്ങനെ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ നടപടി വിദ്യാഭ്യാസവകുപ്പ് റദ്ദാക്കിയപ്പോള്‍, വകുപ്പിന്റെ നടപടി കോടതിയില്‍ ചോദ്യംചെയ്ത് മാനേജര്‍ നടപടി നീട്ടിക്കൊണ്ടുപോവുന്നതായാണ് ആക്ഷേപം. അധ്യാപകര്‍ സഹകരിച്ചില്ലെങ്കില്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോവാനാവില്ലെന്നാണ് മാനേജര്‍മാരുടെ നലപാട്. അതേസമയം ലക്ഷങ്ങള്‍ കോഴനല്‍കി ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകര്‍ തുടര്‍ന്ന് ശമ്പളത്തില്‍നിന്ന് പ്രതിമാസം ആയിരങ്ങള്‍ നല്‍കേണ്ടിവരുന്നത് ക്രൂരതയാണെന്ന് അധ്യാപകസംഘടനകളും പറയുന്നു.
മാതൃഭൂമി

No comments: