Thursday, June 23, 2011

സ്വാശ്രയം: നിലപാട് തിരുത്തി അഡ്വക്കേറ്റ് ജനറല്‍

Posted on: 23 Jun 2011
കൊച്ചി: സ്വാശ്രയ പ്രശ്‌നത്തില്‍ ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരിന് നാമമാത്രമേ പങ്കാളിത്തമുള്ളൂവെന്ന നിലപാട് അഡ്വക്കേറ്റ് ജനറല്‍ തിരുത്തി.

മെഡിക്കല്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ കോടതിയില്‍ സാവകാശം തേടുകയും ചെയ്തു. മുന്‍ സര്‍ക്കാരിന്റെ നിലപാടല്ല ഇപ്പോഴത്തെ സര്‍ക്കാരിന്റേതെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കേസ് പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്കു മാറ്റി.

സ്വാശ്രയ മെഡിക്കല്‍ ഫീസ് നിര്‍ണയിക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും മുഹമ്മദ് കമ്മറ്റിക്കാണ് ഇതിന്റെ ചുമതലയെന്നും കഴിഞ്ഞ ദിവസം എ.ജി കോടതിയില്‍ ബോധിപ്പിച്ചത് വിവാദമായിരുന്നു. ഇതിന് നേര്‍വിരുദ്ധമായി പി.എ.മുഹമ്മദ് കമ്മിറ്റി സര്‍ക്കാരിന്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല വഷളാക്കിയത് എല്‍.ഡി.എഫ്. ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സാമൂഹികനീതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയമേഖലയിലെ സീറ്റിന്റെ അനുപാതം സംബന്ധിച്ച് 2001 ലെ ആന്റണിസര്‍ക്കാര്‍ വ്യക്തമായ നിയമമുണ്ടാക്കിയിരുന്നു. അത് കോടതിയില്‍ എത്തി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ക്രോസ് സബ്‌സിഡി അനുവദിക്കുന്നതില്‍ മാത്രമായിരുന്നു അന്ന് കോടതിക്ക് എതിര്‍പ്പ്. അതുമാത്രം പരിഹരിച്ചിരുന്നെങ്കില്‍ ഇന്ന് ഒരു പ്രശ്‌നവുമുണ്ടാകില്ലായിരുന്നു. എന്നാല്‍ പിന്നീട് വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആ നിയമം മുഴുവനും മാറ്റി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി ഞങ്ങള്‍ ആശങ്കയോടെയെങ്കിലും ആ നിയമത്തെ പിന്തുണച്ചു.

എന്നാല്‍ അത് കോടതിയുടെ വരാന്തയില്‍പോലുമെത്തിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തും ഇക്കാര്യത്തില്‍ അല്പംപോലും മുന്നോട്ടുപോകാന്‍ അവര്‍ക്കുകഴിഞ്ഞില്ല. ഈ അക്കാദമിക് വര്‍ഷം ഞങ്ങള്‍ക്ക് സമയത്തിന്റെ പരിമിതിയുണ്ടെങ്കിലും സാമൂഹിക നീതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ശ്രമം-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

No comments: